വിഷയത്തിൽ ഈ മാസം 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും
മന്ത്രി വീണാ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിന് എതിരെ എ. പത്മകുമാർ നടത്തിയ പ്രതികരണത്തില്‍ നടപടി ഉണ്ടായേക്കും. വിഷയത്തിൽ ഈ മാസം 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. വിഷയം സംസ്ഥാന നേതൃത്വം വിശദമായി ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.
ALSO READ: "വൈകാരികമായി പ്രതികരിച്ച് പോയതാണ്, തെറ്റുപറ്റി"; വിവാദങ്ങൾക്ക് മറുപടിയുമായി എ. പത്മകുമാര്‍
സിപിഐഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയിലാണ് എ. പത്മകുമാർ അതൃപ്തി പരസ്യമാക്കിയത്. വീണാ ജോർജിനെ സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാക്കിയിട്ടും തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാർ സമ്മേളന നഗരിയില്‍ നിന്ന് മടങ്ങിയത്. വൈകാതെ പ്രതിഷേധത്തിന്റെ പരോക്ഷ സൂചന അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പ്രൊഫൈല്‍ പിക്ച്ചർ മാറ്റുകയും ചെയ്തിരുന്നു. ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണത്തില്‍ തെറ്റുപറ്റിയെന്നും എ. പത്മകുമാർ പറഞ്ഞിരുന്നു. വൈകാരികമായി പ്രതികരിച്ചുപോയതാണ്. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. തെറ്റ് ബോധ്യമായപ്പോൾ തിരുത്തി. എന്ത് നടപടി വന്നാലും സ്വീകരിക്കും. താൻ ജനപ്രതിനിധി ആകാൻ വന്ന ആളല്ല എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പാർട്ടിക്ക് പൂർണമായും വിധേയനാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ പിടിച്ച കൊടി മരണം വരെയും പിടിക്കണമെന്നാണ് ആഗ്രഹമെന്നും അനുവദിച്ചാൽ അങ്ങനെയാകുമെന്നും എ. പത്മകുമാര്‍ പറഞ്ഞിരുന്നു.