വ്യാജ രേഖ ചമച്ച കേസിൽ ഷെജീൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്
കോഴിക്കോട് വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അശ്രദ്ധമൂലം ഉണ്ടായ മരണത്തിനും ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചതിനുമാണ് കേസ്. വ്യാജ രേഖ ചമച്ച കേസിൽ ഷെജീൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ ഷാർജയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഷെജീലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. തുടർന്ന് വടകര പൊലീസ് കോയമ്പത്തൂരിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ALSO READ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കും; ബില്ലിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് തട്ടിയതിനുമാണ് ഷെജീലിനെതിരെ കേസ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17 നാണ് വടകരയിൽ വെച്ച് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ദൃഷാനയേയും മുത്തശ്ശിയേയും ഇടിച്ചുതെറിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുത്തശ്ശി ബേബി മരിച്ചു ദൃഷാന ഇപ്പോഴും കോമയിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ മാർച് 14 നാണ് പ്രതി വിദേശത്തേക്ക് രക്ഷപെട്ടത്. അപകടം നടന്ന് 10 മാസത്തിനുശേഷമാണ് വാഹനവും വാഹന ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചതാണ് വാഹനം കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.