ഭീകരാക്രമണം യാദൃശ്ചികമല്ലെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്നുമായിരുന്നു ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. കാസർഗോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിനെതിരെയാണ് കേസെടുത്തത്. ഭീകരാക്രമണം യാദൃശ്ചികമല്ലെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്നുമായിരുന്നു ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വിവാദമായതോടെ ബഷീർ പോസ്റ്റ് പിൻവലിച്ചു.
"മുസ്ലീങ്ങളെ കുറ്റക്കാരാക്കാൻ സംഘികൾ ആസൂത്രണം ചെയ്ത കൊലപാതകം" എന്നായിരുന്നു ബഷീർ പോസ്റ്റിൽ കുറിച്ചത്. മതം ചോദിച്ചായിരുന്നു ഈ ആക്രമണം എന്ന് പറയപ്പെടുന്നേടത്ത് തന്നെ നിഗൂഢത മണക്കുന്നുണ്ടെന്നും ബഷീർ കുറിച്ചു.ഉത്തരേന്ത്യയിൽ സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങൾ ഹൈന്ദവ സമൂഹത്തിൽ പ്രകോപനം സൃഷ്‌ടിക്കാൻ സംഘികൾ ആസൂത്രണം ചെയ്തതാണെന്നും, മുസ്ലീങ്ങളുടെ പേരിൽ കുറ്റം ചാർത്താൻ ശ്രമിച്ചവയാണെന്നും പോസ്റ്റിൽ പറയുന്നു.
ALSO READ: തിരിച്ചടിച്ച് ഇന്ത്യ; ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ചു
ഭാരതീയ ന്യായ സംഹിതയിലെ 192ാം വകുപ്പ് (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമല്ലാത്ത പ്രകോപനം സൃഷ്ടിക്കൽ ) പ്രകാരമാണ് ബഷീറിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തിനെതിരെയും ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയും പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
പാകിസ്ഥാൻ സുരക്ഷാ സേന ഇന്നലെ ചേർന്ന യോഗത്തിന് പിന്നാലെ പാകിസ്താന്‍ വ്യോമപാതയും വാഗാ അതിര്‍ത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.