ആരോഗ്യമന്ത്രി വീണ ജോർജിനെ കുവൈത്തിലേക്ക് അയക്കുന്നതിന് അനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് വിവാദങ്ങൾക്കുള്ള സമയമല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 50 ഓളം പേർ മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണ ജോർജിനെ കുവൈത്തിലേക്ക് അയക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രയ്‌ക്കൊരുങ്ങി എത്തിയ വീണാ ജോർജ് ഏറെ നേരം കാത്തിരുന്നതിനു ശേഷം പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു.
കേരളത്തിന്‍റെ ജീവനാഡികളാണ് പ്രവാസികൾ. പ്രവാസ ജീവിതത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ സംഭവിച്ചത്. പ്രതീക്ഷയോടെ അവരെ കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഈ ദുരന്തമുണ്ടായ ഉടനെ കുവൈത്ത് സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. കുവൈത്ത് സർക്കാരിന്‍റെ ഭാഗത്തു നിന്നും കുറ്റമറ്റ തുടർ നടപടികൾ പ്രതീക്ഷിക്കുന്നു.
കേന്ദ്ര സർക്കാരും ശരിയായ രീതിയിലാണ് ഇടപെട്ടത്. നമ്മുടെ രാജ്യത്തിന്‍റെ ഒരു വിദേശകാര്യ സഹമന്ത്രി അവിടെ പോകുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകുന്നതിൽ കുവൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. സംസ്ഥാനത്തുണ്ടായ ഈ വലിയ ദുരന്തത്തിൽ നാടാകെ അനുശോചിക്കുകയാണ്. ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ മരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതിലാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.