നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് പിടിക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കുകയാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിശ്വാസംകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായിരുന്ന ചംപയ് സോറൻ. ജാർഖണ്ഡിനായി താൻ അനുഭവിച്ച ദുരിതങ്ങളത്രയും കണ്ണാടിപോലെ വ്യക്തമാണെന്നും ചംപായ് സോറൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് പിടിക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കുകയാണ്. അതിന് മുന്നോടിയാണ് ജെഎംഎമ്മിൻ്റെ എല്ലാ തന്ത്രങ്ങളുമറിയാവുന്ന ചംപയ് സോറനെ ബിജെപിയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചാണ് ചംപയ് സോറൻ്റെ ആദ്യ പ്രതികരണം. മോദിയിലെ വിശ്വാസമാണ് തന്നെ ബിജെപിയിലെത്തിച്ചതെന്നാണ് സോറൻ പറഞ്ഞത്.
ബിജെപി മാത്രമാണ് ആദിവാസികളുടെ വ്യക്തിത്വം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഏക പാർട്ടിയെന്നും ചംപയ് സോറൻ പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം മാറ്റിയാണ് ചംപയ് സോറൻ ബിജെപി പാളയത്തിലെത്തിയത്. വെള്ളിയാഴ്ച റാഞ്ചിയിൽ വച്ചാകും ചംപയ് സോറനും മകനും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുക. ചംപയ് സോറൻ ബിജെപിയിലെത്തിയതിന് പിന്നാലെ ഹേമന്ത് സോറനെതിരെ വിമർശനം ശക്തമാക്കുകയാണ് ജാർഖണ്ഡിലെ ബിജെപി നേതൃത്വം.
അഴിമതിക്കാരനായ ഹേമന്ത് സോറനിൽ നിന്നും രക്ഷതേടി നേതാക്കൾ ജെഎംഎം വിടുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പ്രതികരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. ഹേമന്ത് തിരിച്ചെത്തിയതോടെ ചംപയ് സോറനെ രാജിവെപ്പിച്ച് വീണ്ടും മുഖ്യമന്ത്രിയാക്കി. ഇതാണ് പാർട്ടിയിലെ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് ഇടയാക്കിയത്.
ALSO READ: ഐസിസിയുടെ തലപ്പത്ത് ജയ് ഷാ; ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
സറൈകേല അസംബ്ലി മണ്ഡലത്തിൽ നിന്ന് ഒരു തവണ സ്വതന്ത്രനായും അഞ്ച് തവണ ജെഎംഎം ടിക്കറ്റിലും ജയിച്ച ചംപയ് സോറൻ കൊൽഹാൻ കടുവ എന്നാണ് അണികൾക്കിടയിൽ അറിയപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനനേതാവിൻ്റെ കൂടുമാറ്റം ജെഎംഎമ്മിന് വലിയ തിരിച്ചടിയാണ്.