സെയ്ദ് ക്വാഷി, ഷെരീവ് ക്വാഷി എന്നീ സഹോദരൻമാരാണ് വെടിവെയ്പ്പ് നടത്തിയത്
മുഹമ്മദ് നബിയുടെ കാരിക്കേച്ചർ പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാർലി എബ്ദോയിലെ മാധ്യമപ്രവർത്തകരെ ഇസ്ലാമിസ്റ്റ് ജിഹാദിസ്റ്റുകൾ കൂട്ടക്കൊല ചെയ്തിട്ട് ഇന്ന് പത്ത് വർഷം. 2015 ജനുവരി ഏഴിനാണ് പാരിസിലെ ഷാർലി എബ്ദോ ഹെഡ് ക്വാർട്ടേഴ്സിൽ 12 മാധ്യമപ്രവർത്തകരെ വെടിവെച്ച് കൊന്നത്. ഇസ്ലാമിസ്റ്റ് ജിഹാദിസത്തോടുള്ള ഫ്രഞ്ച് മൃദുമനോഭാവത്തിന് അന്ത്യം കുറിച്ച ദിനമായിരുന്നു അത്. പ്രത്യേക പതിപ്പ് പുറത്തിറക്കിയാണ് ഷാർലി എബ്ദോ കൂട്ടക്കൊലയുടെ പത്താം വാർഷികത്തെ അടയാളപ്പെടുത്തിയത്.
സെയ്ദ് ക്വാഷി, ഷെരീവ് ക്വാഷി എന്നീ സഹോദരൻമാരാണ് വെടിവെയ്പ്പ് നടത്തിയത്. ഷാർബ് എന്ന് വിളിക്കപ്പെടുന്ന സ്റ്റെഫാൻ ഷോൻ ആബേൽ മിഷേൽ ഷാർബോണിയേ, കബ്യു എന്ന ഷോൻ മൊറീസ് കബ്യൂ, ഒണോരെ എന്ന ഫിലിപ്പ് പോൾ ലൂയി ഷുസ്റ്റ് ഒണോരെ, തിഗ്നൂ എന്ന ബെർനാഡ് ഷോൻ ഷാൽ വെർലാക്, ഷോർഷ് ഡേവിഡ് വൊളിൻസ്കി എന്നീ കാർട്ടൂണിസ്റ്റുകളും എൽസാ ഷൻ കയാറ്റ്, മുസ്തഫ ഔറാദ് എന്നീ എഡിറ്റർമാരും സാമ്പത്തിക വിദഗ്ധനായ ബെർനാഡ് മരീസ്, അതിഥിയായെത്തിയ മിഷേൽ റെനു, മെയിന്‍റനൻസ് തൊഴിലാളിയായ ഫ്രിഡിറിക് ബ്വസു, പൊലീസ് ഉദ്യോഗസ്ഥരായ ബ്രിൻസൊലാരോ, മിരാബെത് എന്നിവരാണ് കൊല്ലപ്പെട്ടത്.
അക്രമികളെ രണ്ടാം ദിനം ഷാൾ ഡു ഗോൾ വിമാനത്താവളത്തിന് സമീപത്ത് വെച്ച് പൊലീസ് വെടിവെച്ചു കൊന്നു. ഇതേ ദിവസമാണ് ഷെരീഫ് കൗവാച്ചിയുടെ പരിചയക്കാരനായ അമദ് കൂലിബാലി എന്നയാൾ കിഴക്കൻ പാരിസിൽ നാല് ജൂതരെ ബന്ദികളാക്കി കൊലപ്പെടുത്തിയത്. 2012 ൽ പ്രസിദ്ധീകരിച്ച മുഹമ്മദ് കാർട്ടൂണുകളുടെ പേരിലാണ് ഷാർലി എബ്ദോയിൽ തീവ്രവാദികൾ കൂട്ടക്കശാപ്പ് നടത്തിയത്.
ഷാർലി എബ്ദോ കൂട്ടക്കൊലക്ക് പിന്നാലെ ഞാനും ഷാർലി എന്ന് അർത്ഥം വരുന്ന ഷെ സ്വീ ഷാർലി എന്ന ഫ്രഞ്ച് വാചകം ലോകമെങ്ങും തരംഗമായി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണത്തിനായി ലോകമെങ്ങും മുറവിളി ഉയർന്നു. ആക്രമണമുണ്ടായി പിറ്റേദിവസം തന്നെ ഷാർലി എബ്ദോയിലെ അവശേഷിക്കുന്ന ജീവനക്കാർ പ്രസിദ്ധീകരണം മുന്നോട്ട് കൊണ്ടുപോവുമെന്ന് പ്രഖ്യാപിച്ചു. തൊട്ടടുത്തയാഴ്ച 30 ലക്ഷം പ്രതികൾ അച്ചടിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഷാർലി എബ്ദോ ആ ലക്കം അഞ്ച് ലക്ഷം പ്രതികൾ അച്ചടിച്ചു. വിൽപനയിൽ നിന്നുള്ള വരുമാനം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നൽകുമെന്ന് വാരിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ALSO READ: മദ്യം കാന്‍സറിന് കാരണമാകുന്നു; കുപ്പികളിലെ ലേബലുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് നിർദേശം
ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഷാർലി കൂട്ടക്കൊല പത്ത് വർഷം പിന്നിടുമ്പോൾ നടുക്കുന്ന ഓർമകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വാരികയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. സ്വതസിദ്ധമായ മതവിരുദ്ധ അനാദരവ് നഷ്ടമായിട്ടില്ല എന്നതാണ് ഷാർലി എബ്ദോയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രത്യേകത. ദൈവത്തെ കളിയാക്കൽ എന്ന വിഷയത്തിൽ നടത്തിയ കാർട്ടൂൺ മത്സരത്തിൽ സമ്മാനം നേടിയ 40 കാർട്ടൂണുകളും പുതിയ പതിപ്പിലുണ്ട്. അതിലൊരു കാർട്ടൂൺ ഇങ്ങനെ ചോദിക്കുന്നു മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്ന ഒരാളുടെ ചിത്രം വരയ്ക്കുന്ന ഒരാളെ വരയ്ക്കാമോ??