ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു ഹണി റോസ് നന്ദിയറിയച്ചത്
ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി അറിയിച്ച് നടി ഹണി റോസ്. പോരാട്ടത്തിനൊപ്പം നിന്ന് ശക്തമായ നടപടിയെടുക്കാൻ സഹായിച്ചവർക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു ഹണി റോസ് നന്ദിയറിയച്ചത്.
കേസിൽ ഒപ്പം നിന്ന പൊലീസുകാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഹണി റോസിൻ്റെ പോസ്റ്റ്. "ലോ ആൻഡ് ഓർഡർ എഡിജിപി ശ്രീ. മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ ഐപിഎസ് സർ, ഡിസിപി ശ്രീ. അശ്വതി ജിജി ഐപിഎസ് മാഡം, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസിപി ശ്രീ. ജയകുമാർ സർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീ. അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എൻ്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി." ഹണി റോസ് കുറിച്ചു.
ALSO READ: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍
ഇക്കാലത്ത് ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമൻ്റുകളും പ്ലാൻഡ് കാമ്പയിനും മതിയെന്നായിരുന്നു ഹണി റോസിൻ്റെ കുറിപ്പ്. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള തൻ്റെ പോരാട്ടത്തിനു ഒപ്പം നിന്ന്, ശക്തമായ ഉറപ്പുനൽകി നടപടി എടുത്ത പിണറായി വിജയനും കേരള പൊലീസിനും നന്ദി അറിയിക്കുന്നതായും ഹണി റോസ് പറഞ്ഞു.
ബുധനാഴ്ചയാണ് ഹണി റോസിൻ്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റുമുണ്ടായി. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, ഹണി റോസ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.