21കാരിയുടെ മരണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു
തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. 21കാരിയുടെ മരണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. "എം.കെ. സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു", എന്നാണ് എഐഎഡിഎംകെ നേതാവിൻ്റെ പ്രതികരണം. മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മരണനിരക്ക് നേതാക്കളുടെ മനസാക്ഷിയെ വേദനിപ്പിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസമാണ് നീറ്റ് പരീക്ഷാർഥിയായ ദേവദർശിനി ചെന്നെയിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഴുതിയ മൂന്ന് പരീക്ഷയിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് മെയ് മാസത്തിൽ നടക്കുന്ന നാലാമത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ദേവദർശിനി ആത്മഹത്യ ചെയ്തത്. നീറ്റ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയ ദേവദർശിനി പിതാവിനോട് സംസാരിരുന്നതായി പൊലീസ് പറഞ്ഞു. ആവർത്തിച്ചുള്ള പരാജയങ്ങൾ, സമയം പാഴാക്കൽ, കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ദേവദർശിനി പിതാവിനോട് പങ്കുവെച്ചിരുന്നു. അച്ഛൻ അവളെ ആശ്വസിപ്പിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ALSO READ: മോഹന്‍ലാലിനെതിരെ സംഘപരിവാറിന്‍റെ സൈബർ ആക്രമണം; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി
ബേക്കറിയിലെത്തി മാതാപിതാക്കളെ സഹായിക്കുന്നതിനിടെ വാഷ്‌റൂം ഉപയോഗിക്കണമെന്ന് പറഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. വിളിച്ച് ഫോൺ എടുക്കുകയോ, തിരിച്ച് കടയിലേക്ക് പോവുകയോ ചെയ്യാത്തതിനെ തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെതത്തുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)