സുംബാ ഡാൻസ് നടത്തി കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കാനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
പിണറായി വിജയൻ
കുട്ടികളിൽ ലഹരി ഉപയോഗവും, അക്രമോത്സുകതയും വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വ്യാപനം സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്നുവെന്നും സർക്കാരിൻ്റെ നടപടികൾക്ക് ഒപ്പം സാമൂഹിക ഇടപെടലും അനിവാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത വിശാല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർഥികളും യുവജനസംഘടനകളും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലുള്ളവരും മീറ്റിങ്ങിൽ പങ്കെടുത്തു. അധ്യാപക-രക്ഷകര്‍തൃ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് യോഗം നടന്നത്.
സിനിമകളിലെ വയലൻസ് ദൃശ്യങ്ങൾക്ക് കുട്ടികളെ വിട്ടുകൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുംബാ ഡാൻസ് നടത്തി കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കാനാകും. അടുത്ത അധ്യായന വർഷത്തിൽ നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളെ അടച്ചിടലല്ല, തുറന്നു വിടലാണ് പ്രധാനം. ബാല്യ-കൗമാര-യൗവന കാലം നേരിടുന്ന അവസ്ഥ ഗൗരവതരമാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം ആഗോളതലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണെന്ന് പറയാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
"ചെറിയ കുഞ്ഞ് കരയുമ്പോൾ നേരെ മൊബൈൽ ഫോൺ കൊടുക്കുന്നു. ഇതിലൂടെയാണ് കുട്ടികൾ വളർന്നുവരുന്നത്. അതിന് പിന്നിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നില്ല. കുട്ടിയെപ്പറ്റി അമിതമായ ജാഗ്രത വെച്ചുപുലർത്തുന്നു. വളർന്ന് തുടങ്ങുമ്പോൾ തന്നെ കുട്ടിയെപ്പറ്റി സ്വപ്നം കാണുന്നു. അതിന്റെ ഭാഗമായി കുട്ടികളിൽ സമ്മർദം ഉണ്ടാകുന്നു. ചെറിയ ക്ലാസ് മുതൽ അത് ആരംഭിക്കുന്നു. സ്കൂൾ കഴിഞ്ഞാൽ ട്യൂഷന് പറഞ്ഞുവിടുന്നു. കുട്ടിയുടെ കുട്ടിത്തം തിരിച്ചറിയണം. കളിക്കാനും ഇടപഴകാനും സമയം നഷ്ടമാകുന്നു. കുട്ടികൾ മുറിയിൽ ഒറ്റപ്പെടുന്നു. ഇത് കുട്ടിയുടെ മനസിനെ വല്ലാതെ താളം തെറ്റിക്കും. മയക്കുമരുന്ന് ഏജന്‍റുമാർ ഇത്തരം കുട്ടികളെ ബന്ധപ്പെടും. കുട്ടികൾ അവരുടെ സ്വാധീനത്തിൽ പെടും. ഇവരാണ് കൂട്ടുകൂടാൻ നല്ലത് എന്ന് തെറ്റായ ബോധത്തിലേക്ക് കുട്ടികൾ എത്തും. പിന്നീട് കുട്ടികൾ മയക്കുമരുന്നിന് അടിമകളായി മാറും. പല കുടുംബങ്ങളും പ്രയാസം അനുഭവിക്കുന്നു. പലപ്പോഴും തുറന്നു പറയാൻ പറ്റുന്നില്ല. പരസ്യമായി അറിഞ്ഞതിന് അപ്പുറമുള്ള ഒട്ടേറെ കാര്യങ്ങൾ കുടുംബങ്ങളിൽ സംഭവിക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളുമായുള്ള പവിത്രമായ ബന്ധം മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളിലെ അക്രമവാസന വർധിക്കാൻ ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾ കാരണമാകുന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പല രാജ്യങ്ങളിലും ക്ലാസ് മുറി വൃത്തിയാക്കുന്നതും ശുചിമുറി വൃത്തിയാക്കുന്നതും കുട്ടികളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിന് പ്രത്യേകം ചുമതലപ്പെടുത്തിയ ആളുകളില്ല. മൂല്യങ്ങൾ ചെറുപ്പത്തിലെ പകർന്നു നൽകണം. ആ വശം നമ്മൾ ഗൗരവമായി ആലോചിക്കണം. വെറും പഠനം മാത്രമേ പാടുള്ളൂ എന്ന് ചിന്തിക്കുന്ന ചില വിദ്യാലയങ്ങൾ എങ്കിലുമുണ്ട്. അത്തരം വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് അക്രമവാസന കൂടുതലാണെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു.
ലഹരിക്കടത്ത് ലോകമാകെ നേരിടുന്ന പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കൊന്നും ചെയ്യാനില്ല എന്ന് കരുതി കയ്യുംകെട്ടി നിഷ്ക്രിയമായി നോക്കിയിരിക്കാൻ നമുക്കാവില്ല. നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയും രാജ്യവും തമ്മിൽ ബന്ധമുണ്ട്. ആ കണ്ണി അറുത്തു മാറ്റണം. വിമാനങ്ങളിലും കപ്പലുകളിലൂടെയും മയക്കുമരുന്ന് കൊണ്ടിറക്കുന്നു. പിഐബി കണക്കനുസരിച്ച് 2024ൽ 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. 10 കോടിക്ക് താഴെ മയക്കുമരുന്നാണ് കേരളത്തിൽ പിടിച്ചത്. കർക്കശമായ നടപടി ഇവിടെയുണ്ടെന്ന് മയക്കുമരുന്ന് ലോബിക്ക് അറിയാം. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് കൂടുതലാണെന്നും തൊട്ടടുത്ത സംസ്ഥാനങ്ങളിലെല്ലാം ശിക്ഷാനിരക്ക് കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ വ്യത്യസ്തമായി കേരളം നിൽക്കുന്നു. ഇതിൽ സമാശ്വസിച്ചിരിക്കുക അല്ല കേരളം. സ്വസ്ഥ ജീവിതമാണ് ഉറപ്പുവരുത്തേണ്ടതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഭദ്രവും ശാന്തവുമായ സ്ഥിതി ഉറപ്പുവരുത്തണമെന്ന് പിണറായി വിജയൻ പറഞ്ഞു. അതിന് സർക്കാർ നടപടി മാത്രം പോരാ. കുട്ടികൾ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥക്ക് ഉള്ള കാരണം കണ്ടെത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"അടുത്ത ബന്ധുക്കളെ അതിക്രൂരമായി കൊല ചെയ്യുന്ന മനോനിലയിലേക്ക് കുട്ടികൾ എത്തുന്നു. കൂട്ടുകുടുംബം ഇന്ന് ഇല്ല. ന്യൂക്ലിയർ കുടുംബമാണ് ഇന്ന്. കൂട്ടുകുടുംബത്തിൽ പ്രായമായവർ പകർന്നു നൽകുന്ന നല്ല കഥകൾ കേട്ട് വളരാൻ കുട്ടികൾക്ക് അവസരമുണ്ട്. മുതിർന്നവരുമായി നല്ല ബന്ധം സ്ഥാപിച്ച് കുട്ടികൾ വളരുമായിരുന്നു. പലതരം മൂല്യങ്ങൾ കുട്ടിക്കാലത്ത് കുട്ടികൾക്ക് ലഭിക്കുമായിരുന്നു. ഇന്ന് ആ മൂല്യസത്ത സ്വാഭാവികമായും കുട്ടികൾക്ക് നഷ്ടപ്പെടുന്നു. അണുകുടുംബത്തിൽ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. ജോലി കഴിഞ്ഞുള്ള സമയത്താണ് കുട്ടികളുമായി ചെലവഴിക്കുന്നത്. സമൂഹം നേരിടുന്ന പ്രശ്നമാണത്. കുട്ടികൾക്കൊപ്പം വേണ്ടത്ര സമയം ചെലവിടാൻ കഴിയാത്ത മാതാപിതാക്കൾ വളരെ കൂടുതൽ. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ ആരുമില്ല എന്ന അന്യതാബോധം കുഞ്ഞുമനസ്സിന് ഉണ്ടാകും", മുഖ്യമന്ത്രി പറഞ്ഞു. കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റൽ ലോകത്തിന്റെ ദുസ്വാധീനങ്ങളിൽ കുഞ്ഞുമനസുകൾ തിരിച്ചുവരാൻ ആകാത്ത വിധം പെട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികളിലെ അക്രമവാസന പരിഹരിക്കാൻ മാനസികാരോഗ്യ പിന്തുണ നൽകാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗം കുടുംബം തിരിച്ചറിഞ്ഞാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണം. സ്കൂൾ അധികൃതർ അറിഞ്ഞാൽ മുളയിലെ നുള്ളണം. പുറത്തറിഞ്ഞാൽ സ്കൂളിന്റെ പേര് നഷ്ടമാകുമെന്ന് കരുതി മറച്ചു വയ്ക്കരുത്. അധ്യാപകൻ കുട്ടിയായിരുന്ന കാലമല്ല ഇത്. മാറുന്ന കാലത്തിന്റെ സൃഷ്ടിയാണ് കുട്ടി. അത് ഉൾക്കൊണ്ട് കുട്ടിയെ അധ്യാപകർ മനസിലാക്കണം. അധ്യാപക പരിശീലനത്തിൽ മാറ്റം വരുത്തണം.തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നു. എവിടെയോ വച്ച് അതിന് ഭംഗം വന്നു. വികല മാനസികാവസ്ഥയുടെ കടന്നു വരവിന്റെ അവസ്ഥ വന്നു. സിലബസിൽ ആവശ്യമായ മാറ്റം കൊണ്ടുവരണം. കുട്ടിക്ക് സമൂഹത്തെ ആകെ ഉൾക്കൊള്ളാനാകുന്ന പാഠ്യപദ്ധതി വേണം. അധ്യാപകർ സ്വയം നവീകരിക്കണം. സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും തുറന്നുപറയാനാകുന്ന സ്വാതന്ത്ര്യവും വിശ്വാസവും അധ്യാപകർ സൃഷ്ടിക്കണം. കുടുംബവും അധ്യാപകരും തമ്മിൽ ഊഷ്മളമായ ബന്ധം സൃഷ്ടിക്കണം. തെറ്റ് ചൂണ്ടിക്കാട്ടുന്ന അധ്യാപകരെ പ്രതി പട്ടികയിൽ ആക്കുന്ന മനോഭാവം രക്ഷകർത്താക്കൾ സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.