രോഗത്തിൻ്റെ തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിലാണ് പടരുന്നതെന്നും ചൈന വ്യക്തമാക്കി
ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് ചൈന. തണുപ്പുകാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങിൻ്റെ പ്രസ്താവന. ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മാവോ നിങ് പറഞ്ഞു. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.
കോവിഡ് മഹാമാരിക്ക് സമാനമായി എച്ച്എംപിവി മാറുമോ എന്ന ആശങ്കയിലാണ് ലോകം. എന്നാൽ ഇത് വർഷാവർഷം തണുപ്പുകാലത്ത് പടരുന്ന ശ്വാസകോശ അണുബാധ മാത്രമാണെന്ന വിശദീകരണമാണ് ചൈന നൽകുന്നത്. രോഗത്തിൻ്റെ തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിലാണ് പടരുന്നതെന്നും ചൈന വ്യക്തമാക്കി. വിദേശികൾക്ക് ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണ്. രാജ്യത്തെ പൗരൻമാരെടെയും ചൈനയിലേക്കെത്തുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന ഉറപ്പും ചൈനീസ് സർക്കാർ നൽകി.
അതേസമയം എച്ച്എംപിവി വ്യാപനത്തിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ നിർദേശം. പരിഭ്രാന്തരാകേണ്ട, പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ എല്ലാ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ സ്വീകരിക്കാൻ അതുൽ ഗോയൽ നിർദേശം നൽകി. എച്ച്എംപിവിക്ക് പ്രത്യേക ആൻറിവൈറൽ ചികിത്സയൊന്നുമില്ലെന്നും, അതിനാൽ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് പടർന്നുപിടിച്ചേക്കാമെന്നും ഡോക്ടർ വ്യക്തമാക്കി. രാജ്യത്തിനകത്ത് 2024 ഡിസംബറിലെ ശ്വാസകോശ സംബന്ധമായ അസുഖ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
ALSO READ: ചൈനയില്‍ വീണ്ടുമൊരു വൈറസ് വ്യാപനം? ഭീതി പരത്തി ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ്
പുതിയ രോഗവ്യാപനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പാണ് എച്ച്എംപിവി വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.