യുഎസ് ടെക് ഭീമനായ ഗൂഗിളിനെതിരെ വിശ്വാസ ലംഘനങ്ങളുടെ പേരിൽ അന്വേഷണം നടത്തുമെന്നാണ് ചൈന ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്
കുടിയേറ്റവും ലഹരിക്കടത്തും നിയന്ത്രിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഏറ്റെടുത്ത് ചൈന. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് വീണ്ടും സജീവമാവുകയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബീജിംഗിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെ, ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിക്കുകയും നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുകയും ചെയ്തു.
സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ്റെ പ്രസ്താവനയനുസരിച്ച്, യുഎസ് ടെക് ഭീമനായ ഗൂഗിളിനെതിരെ വിശ്വാസ ലംഘനങ്ങളുടെ പേരിൽ അന്വേഷണം നടത്തുമെന്നാണ് ചൈന ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതൽ യുഎസിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനം നികുതിയും, എണ്ണ, കാർഷിക ഉപകരണങ്ങൾക്ക് 10 ശതമാനം അധിക നികുതിയും ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ടങ്സ്റ്റൺ അനുബന്ധ വസ്തുക്കളുടെ കയറ്റുമതിക്കും ചൈന നിയന്ത്രണം ഏർപ്പെടുത്തി. കാൽവിൻ ക്ലെയിൻ ഉടമയായ പിവിഎച്ച് കോർപ്പറേഷനെയും ഇല്ലുമിന ഇൻകോർപ്പറേറ്റഡിനെയും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിലും ചൈന ഉൾപ്പെടുത്തി.
1977ലെ അന്താരാഷ്ട്ര എമർജൻസി എക്കണോമിക്സ് പവേഴ്സ് ആക്ട് പ്രകാരമാണ് ട്രംപിന്‍റെ ദൂരവ്യാപകമായ രാഷ്ട്രീയ നടപടി. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡൻ്റിന് സവിശേഷ അധികാരം നൽകുന്ന നിയമമാണിത്. യുഎസ്-ചൈന വ്യാപാര തർക്കം കടുത്തതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറൻസിയുടെ മൂല്യം 0.3% ഇടിഞ്ഞിരുന്നു. ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ബീജിംഗ് 10 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെയാണിത്. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള യുഎസ് നീക്കത്തെ നിയമപരമായി നേരിടുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ട്രംപിന് മറുപടിയായി യുഎസ് ഉൽപ്പന്നങ്ങള്‍ക്കെതിരെ കാനഡ പ്രതികാര നികുതി ചുമത്തിയിരുന്നു. യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോമും അറിയിച്ചു. വിശദമായ പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 1,256 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചുകൊണ്ടാണ് കാനഡയുടെ പ്രതികരണം.
ബിയർ, വൈൻ എന്നിവ ഉള്‍പ്പടെ ആകെ ഇറക്കുമതിയുടെ 17% വരുന്ന 115 ബില്യൺ ഡോളറിന്‍റെ ഉത്പന്നങ്ങളിലാണ് കാനഡ പ്രതികാര നികുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജനങ്ങളോട് ആവശ്യപ്പെട്ടു. 51-ാമത്തെ സ്റ്റേറ്റായി യുഎസിനൊപ്പം ചേർന്നാല്‍ നികുതി ഒഴിവാക്കാമെന്ന ട്രംപിന്‍റെ നിർദേശത്തെ പരിഹസിച്ച ട്രൂഡോ, ഒരു രാജ്യമായി തുടരാനാണ് കാനഡയുടെ തീരുമാനമെന്നും മറുപടി നൽകും.