മർദ്ദനമേറ്റയാൾ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും യുവജന കമ്മീഷനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്
പത്തനംതിട്ടയിൽ ഇരുപത് അംഗ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിന് പിന്നാലെ പൊലീസ് അക്രമത്തിന് നേതൃത്വം കൊടുത്ത എസ്ഐ ജിനുവിനെതിരെ കൂടുതൽ പരാതികൾ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ആളെ എസ്ഐ ജിനു അകാരണമായി മർദിച്ചുവെന്നാണ് പുതിയ പരാതി.
മർദ്ദനമേറ്റയാൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും സിപിഐമ്മിലേക്ക് വന്ന ആളാണ്. 'നീ സിപിഎമ്മുകാരൻ ആണോടാ ചെറ്റേ' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. അടിവയറ്റിലും കാലിലും ബൂട്ട് ഇട്ട് തൊഴിച്ചു, ക്യാമറ ഇല്ലാത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു മർദനം, മൂന്ന് ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നും എസ്ഐ ജിനുവിനെതിരായ പരാതിയിൽ പറയുന്നു. മർദ്ദനമേറ്റയാൾ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും യുവജന കമ്മീഷനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഇരുപത് അംഗ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. മർദ്ദനമേറ്റ സിതാരയുടെ മൊഴിയിലാണ് കേസെടുത്തത്. ഉണ്ടായത് പൊലീസ് അതിക്രമമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എസ്.ഐ ജിനുവിന് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സംഘം ആക്രമിച്ചത് ആളുമാറിയാണ്. എസ്.ഐയും സംഘവും എത്തിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ശക്തമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും എസ്. നന്ദകുമാർ പ്രതികരിച്ചു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തി. പരിക്കേറ്റവർ ചികിത്സകൾ കഴിയുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ALSO READ: ഇരുപതംഗ സംഘത്തിന് പൊലീസ് മർദനം; സംഭവം വിവാഹാനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ
ഇന്ന് പുലർച്ചയോടെയാണ് വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്ക് പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദ്ദിച്ചത്. വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോളായിരുന്നു മർദനം. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം പാഞ്ഞ് എത്തി മർദ്ദിച്ചു എന്നാണ് പരാതി.