അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്
അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുള്ള ആശുപത്രികളിൽ സിനിമാ ഷൂട്ടിംഗ് പൂർണമായും ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ താക്കീത് നൽകി. അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഷൂട്ടിങ് സംബന്ധിച്ച ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ALSO READ : ന്യൂസ് മലയാളം ഇംപാക്ട് | അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ്; സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺ 27ന് ഷൂട്ടിങ്ങ് തിരക്കിനിടയിലും രോഗികൾക്ക് പരിചരണം നൽകിയതായി പറയുന്നു. രോഗികളായ പൊതുജനങ്ങൾ ചികിത്സക്കെത്തുന്ന സ്ഥലമാണ് സർക്കാർ ആശുപത്രികൾ എന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അവിടെ സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകിയതുതന്നെ ആതുരസേവകർ എടുത്തിട്ടുള്ള പ്രതിജ്ഞക്ക് എതിരാണ്.
ALSO READ : "ഇനിയാവർത്തിക്കരുത്"; അങ്കമാലി ആശുപത്രിയിലെ ഷൂട്ടിംഗിൽ സൂപ്രണ്ടിനെ ശാസിച്ച് മനുഷ്യാവകാശ കമ്മിഷൻ
ജൂൺ 27ന് വൈകിട്ട് 6ന് ഷൂട്ടിങ്ങ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ശബ്ദമാനമായ അന്തരീക്ഷം ദൃശ്യമാധ്യമങ്ങളിൽ കാണുകയുണ്ടായി. തിരക്കിൽ ആവശ്യമായ പരിചരണം ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നൽകാനാവില്ല. സിനിമ ഷൂട്ടിങ്ങിന് സർക്കാർ ആശുപത്രി തിരഞ്ഞെടുത്തതിലും ഔചിത്യമില്ലായ്മയുണ്ടെന്നും ആതുരസേവകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജൂലൈ 5 ന് ആലുവയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു. രോഗികൾക്ക് പ്രയാസമോ ചികിത്സാ നിഷേധമോ സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ താൻ ആശുപത്രിയിലെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചതായി സൂപ്രണ്ട് അറിയിച്ചു. കയറുകെട്ടി വാഹനങ്ങൾ തടയുകയോ സഞ്ചാര തടസം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. എന്നാൽ സൂപ്രണ്ടിന്റെ വാദം കമ്മീഷൻ തള്ളി. അത്യാഹിതവിഭാഗം ഷൂട്ടിങ്ങിന് നൽകിയത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.