കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു
ഡൽഹിയിലേക്ക് കർഷകർ നടത്തിയ 'ദില്ലി ചലോ മാർച്ചി'ൽ വീണ്ടും സംഘർഷം. കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പതിനെട്ടോളം കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് ഇന്നത്തേക്ക് നിർത്തിവച്ചു. രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള കർഷകരുടെ മൂന്നാമത്തെ ശ്രമമാണ് ഇന്ന് വിഫലമായത്. 101 കർഷകരുമായി 12 മണിയോടെ പഞ്ചാബ് -ഡൽഹി -ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച മാർച്ച് വീണ്ടും പൊലീസ് തടയുകയായിരുന്നു. ഇതോടെ മാർച്ച് നിർത്തിവെക്കുകയാണെന്ന് മുതിർന്ന കർഷക നേതാവ് സർവൻ സിങ് പന്ദേർ അറിയിച്ചു.
പരിക്കേറ്റ കർഷകർക്ക് ശരിയായ ചികിത്സ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡിസംബർ 16 ന് പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ രാജ്യവ്യാപക ട്രാക്ടർ മാർച്ചും ഡിസംബർ 18 ന് പഞ്ചാബിൽ കർഷകർ മൂന്ന് മണിക്കൂർ റെയിൽ ഉപരോധിക്കുമെന്നും കർഷക നേതാക്കൾ പ്രഖ്യാപിച്ചു. ഡിസംബർ 6 നും ഡിസംബർ 8 നും ഡൽഹിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച കർഷകരെ ഹരിയാന പൊലീസ് തടയുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഡൽഹി ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിന് ശേഷമേ മാർച്ച് നടത്താൻ കഴിയൂ എന്ന് കർഷകരെ തടഞ്ഞ അംബാല പൊലീസും വ്യക്തമാക്കി.
ALSO READ: "ഭരണഘടനയെ ആരാധിക്കാൻ ഞങ്ങള്‍ ശ്രമിച്ചു, കോൺഗ്രസുകാർ ഇല്ലാതാക്കാനും": നരേന്ദ്രമോദി
ജില്ലയിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കാൻ അംബാല സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അംബാലയിലെ 12 ഗ്രാമങ്ങളിൽ ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഡിസംബർ 17 വരെ നിർത്തിവെച്ചിട്ടുണ്ട്. ഇതിനിടെ കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തിയിരുന്നു. പാകിസ്ഥാൻ അതിർത്തി പോലെയായിരിക്കുന്നു ശംഭു അതിർത്തിയെന്നും, കർഷകരെ തടയുന്നില്ലെന്ന് പറയുമ്പോൾ മറുവശത്ത് കണ്ണീർവാതകവും ബാരിക്കേഡും ഉപയോഗിക്കുന്നുവെന്നും ബജ്റംഗ് പൂനിയ പറഞ്ഞു.