എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന ജോണ്‍സനെ ഇന്ന് രാവിലെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
ഹൈക്കോടതി അഭിഭാഷകന്‍ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവാണ് ജോണ്‍സണ്‍ ജോയി. ജോണ്‍സന്റെ നിരന്തര സമ്മര്‍ദങ്ങളാണ് മനു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം.
മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണെന്ന് പൊലീസ് പറയുന്നു. ഭാര്യക്കും സഹോദരിക്കും മുന്നില്‍ വെച്ച് മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തി, പണം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് മനു വഴങ്ങാതായതോടെ വീഡിയോ പ്രചരിപ്പിച്ചു, സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും മനുവിനെ സമ്മര്‍ദ്ദത്തിലാക്കി എന്നിങ്ങനെയാണ് ജോണ്‍സനെതിരായ ആരോപണങ്ങള്‍.
ഈ മാസം ആദ്യമാണ് ജോണ്‍സണ്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. മനുവിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
Also Read: അഭിഭാഷകന്‍ പി.ജി. മനുവിന്റെ മരണം; പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന ജോണ്‍സനെ ഇന്ന് രാവിലെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മനുവിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഈ മാസം 13 നാണ് പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അഭിഭാഷകര്‍ മനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സര്‍ക്കാര്‍ മുന്‍ പ്ലീഡറായിരുന്ന മനു രണ്ടുമാസം മുന്‍പാണ് ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു. അഭിഭാഷകനായ ആളൂരിനോടൊപ്പം മനു ഈ കേസില്‍ കൊല്ലം കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ കേസ് നടപടികള്‍ ഉള്ളപ്പോഴാണ് വാടകവീട്ടില്‍ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെയാണ് മനു താമസിക്കുന്നത്. കേസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥരോട് പറഞ്ഞത്. ഇന്ന് രാവിലെ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പി.ജി. മനു. ഇതിന് കേസ് നേരിടുന്നതിനിടെ കഴിഞ്ഞ ദിവസം സമാനമായി മറ്റൊരു യുവതിയും ആരോപണം ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം മനു കുടുംബസമേതം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു മനു എന്നാണ് സഹ അഭിഭാഷകര്‍ പറയുന്നത്.