ഖലീദ സിയയുടെ മകനും ബിഎൻപി ആക്റ്റിങ് ചെയർപേഴ്സണുമായ താരിഖ് റഹ്മാനെയും കേസിൽ കുറ്റവിമുക്തനാക്കി
ഖലീദ സിയ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖലീദ സിയയെ അഴിമതിക്കേസിൽ കുറ്റവിമുക്തയാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. 10 വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട കേസിലെ വിധിയാണ് തിരുത്തപ്പെട്ടത്. 2001-2006 കാലയളവിൽ പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന കേസിലായിരുന്നു ഖലീദ സിയക്ക് ശിക്ഷ വിധിച്ചിരുന്നത്. ഖലീദ സിയയുടെ മകനും ബിഎൻപി ആക്റ്റിങ് ചെയർപേഴ്സണുമായ താരിഖ് റഹ്മാനെയും കേസിൽ കുറ്റവിമുക്തനാക്കി. 2018ലായിരുന്നു ശിക്ഷാ വിധി.
സിയ ഓർഫനേജ് ട്രസ്റ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. 2018 ഒക്ടോബർ 30 ന് അഴിമതി കേസിൽ ഖലീദയ്ക്ക് അഞ്ച് വർഷം തടവും താരിഖ് റഹ്മാൻ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്ക് 10 വർഷം തടവുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി ഖാലിദയുടെ തടവ് ശിക്ഷ 10 വർഷമായി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.
Also Read: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ അറസ്റ്റില്‍
സിയ ഓർഫനേജ് ട്രസ്റ്റ് കേസിലെ കോടതി നടപടികൾ "ദുരുദ്ദേശ്യപരം" ആണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദ് അധ്യക്ഷനായ അഞ്ചംഗ അപ്പലേറ്റ് ഡിവിഷന്‍ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചത്. വിചാരണ കോടതി ഖലീദയ്ക്ക് വിധിച്ച അഞ്ച് വർഷത്തെ തടവ് 10 വർഷമായി ഉയർത്തുകയും കേസിലെ മറ്റ് പ്രതികൾക്ക് 10 വർഷത്തെ തടവ് ശിക്ഷ ശരിവയ്ക്കുകയും ചെയ്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഖാലിദ സമർപ്പിച്ച രണ്ട് അപ്പീലുകളിലും സലീമുൽ ഹഖ് എന്ന കാസി കമാൽ, വ്യവസായി ഷറഫുദ്ദീൻ അഹമ്മദ് എന്നിവർ സമർപ്പിച്ച ഓരോ അപ്പീലിലും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ഖലീദ സിയ മാത്രം കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ അനാഥാലയ ഫണ്ടിന് 1991 ജൂണിൽ യുണൈറ്റഡ് സൗദി കൊമേഴ്‌സ്യൽ ബാങ്കിൽ നിന്ന് 1.25 മില്യൺ ഡോളർ ഗ്രാന്റ് ലഭിച്ചതാണ് ആരോപണങ്ങളുടെ കേന്ദ്രം. ഈ ഫണ്ട്, ഗ്രാന്റ് ലഭിക്കുന്നതിന് മുമ്പ് തിടുക്കത്തിൽ രൂപീകരിച്ചതാണെന്നായിരുന്നു ആരോപണം. ഖലീദ സിയ ഓർഫനേജ് ട്രസ്റ്റിൽ ഏകദേശം 250,000 ഡോളർ നിക്ഷേപിക്കുകയും മകനെ ട്രസ്റ്റിന്റെ "സെറ്റ്ലറായി" നിയമിക്കുകയും ചെയ്തു. 1993 നും 2007 മാർച്ചിനും ഇടയിൽ, ഫണ്ടിൽ നിന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മറ്റുള്ളവർ 1,72,539 ഡോളർ പിൻവലിച്ചുവെന്നും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഖലീദ ഇതിനായി ഒരു പ്രത്യേക ഫയൽ സൂക്ഷിച്ചിരുന്നുവെന്നും ആരോപണമുണ്ട്.