ഒരു പുത്തൻ മാധ്യമ വിശകലന സംസ്കാരം ഉയർന്നുവരേണ്ട കാലമാണിത്. മാധ്യമങ്ങളെ ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു വിഭാഗം മാധ്യമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബർ വ്യവസായ ലോബികളിൽപ്പെട്ട ഒരു മാധ്യമം ആസിയാൻ കരാറിനെതിരെ വാർത്ത നൽകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. റബ്ബർ വ്യവസായ താല്പര്യം മാത്രമാണ് ആ മാധ്യമത്തിലൂടെ പുറത്ത് വന്നത്. സംസ്ഥാനത്തിൻ്റെ താൽപര്യമല്ല മാധ്യമങ്ങൾക്ക് വലുത്. ഒരു പുത്തൻ മാധ്യമ വിശകലന സംസ്കാരം ഉയർന്നുവരേണ്ട കാലമാണിത്. മാധ്യമങ്ങളെ ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പുന്നപ്രയിൽ ക്രൂരകൊലപാതകം; അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി
മാധ്യമങ്ങൾ ഹിതമായത് മാത്രം അറിയിക്കുന്ന രീതിയിലേക്ക് മാറി. വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ കോർപ്പറേറ്റുകൾ വിലക്കെടുക്കുന്നു. അതിലൂടെ മാധ്യമ സ്വാതന്ത്ര്യം അധഃപതിക്കപ്പെട്ടു. കോർപ്പറേറ്റ് അധീനതയിൽ ജനങ്ങളുടെയും നാടിന്റെയും താത്പര്യം ഹനിക്കപ്പെടുന്നു. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകുന്നില്ല. കോർപ്പറേറ്റ് മാധ്യമങ്ങൾ ഇതൊന്നും പറയില്ല. കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്ക് എതിരെ കോർപ്പറേറ്റ് മാധ്യമങ്ങൾ പറയും എന്ന് പ്രതീക്ഷിക്കാൻ വയ്യ. മാധ്യമങ്ങളെ കേന്ദ്രം അവരുടെ മെഗാ ഫോണാക്കി മാറ്റി. കേരളത്തിലെ മികച്ച ബജറ്റിനെ ജീം ഭും ഭാ എന്ന് അധിക്ഷേപിക്കുന്നതിൽ ആശ്ചര്യപ്പെടാൻ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കേരളത്തെ അപമാനിച്ചു. പിന്നോക്ക സംസ്ഥാനം എന്ന് പ്രയോഗിച്ചു. കേന്ദ്രമന്ത്രി സംസ്ഥാനത്തെ അധിക്ഷേപിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ എത്ര മാധ്യമങ്ങൾ ഉണ്ടായോ ? ഏതെങ്കിലും പത്രം എഡിറ്റോറിയൽ എഴുതിയോ ? മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. പുതിയ ചാനലുകൾക്ക് ലൈസൻസ് നൽകേണ്ട എന്നാണ് കേന്ദ്ര നയം. ജനകീയ സംരഭങ്ങൾ ഉണ്ടാകരുത് എന്നതാണ് അതിന് പിന്നിൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.