പി.പി.ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടിയന്തരമായാണ് പുറത്താക്കിയതെന്നും സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടിയന്തരമായാണ് പുറത്താക്കിയതെന്നും സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകുകയില്ലെന്നും ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവ്യയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംഘടനാപരമായ നടപടി വരെ ഉണ്ടാകുമെന്ന സൂചനയാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്.
നവീൻ ബാബുവിന്റെ മരണം ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയാകുമെന്ന വിമർശനം മുന്നണി യോഗത്തിൽ ഉയരും മുൻപേയാണ് അധ്യക്ഷ പ്രസംഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ ഘടകകക്ഷികൾ ആരും ഇക്കാര്യത്തിലുള്ള വിമർശനം ഉന്നയിച്ചില്ല.
എഡിഎമ്മിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ സാധുമനുഷ്യനായ എഡിഎമ്മിന്റെ മരണം സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ കുടുംബത്തെ ഒരു അനുശോചനം പോലും അറിയിക്കാതെ മുഖ്യമന്ത്രി മരം പോലെ നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എഡിഎമ്മിനെ കുറിച്ച് അപവാദം പറഞ്ഞ് മരണത്തിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബവും സിപിഎമ്മാണ്. കൊല്ലാന്‍ വേണ്ടി ആക്ഷേപം ഉന്നയിച്ചയാളും സിപിഎമ്മാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
Also Read; എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; ജില്ലാ കോൺഗ്രസ് കമ്മിറ്റി
ഇത്തരമൊരു മരണം നടന്നിട്ട് അതിനെ കുറിച്ച് ഒരു ദുഃഖം പ്രകടിപ്പിക്കാത്ത പൊതുരംഗത്ത് അറിയപ്പെടുന്ന ഒരാളും ഈ കേരളത്തില്‍ ബാക്കിയില്ല. എല്ലാ മാധ്യമങ്ങളും എഴുതി, എല്ലാ നേതാക്കളും ദുഃഖം പ്രകടിപ്പിച്ചു. എന്നാല്‍ എന്റെ നാട്ടുകാരന്‍, പ്രിയപ്പെട്ട പിണറായി വിജയന്‍ എന്ന മരം പോലുള്ള മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഒരു ശബ്ദം നിങ്ങള്‍ കേട്ടോ? ഒരു മനുഷ്യത്വം വേണ്ടേ, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ആ മുഖ്യമന്ത്രിയുടെ ശിഷ്യയാണ് ഈ ദിവ്യ. അവരാണ് ഈ അപവാദം പറഞ്ഞതും കൊലപാതകം നടത്തിയതും. ഇതൊരു കൊലപാതകമാണ്.
ആ കൊലപാതകത്തിന് ഒരക്ഷരം പ്രതികരിക്കാതെ, ആ അമ്മയേയോ മക്കളേയോ ഒരു അനുശോചനം പോലും അറിയിക്കാത്ത പിണറായി വിജയന്‍ എന്ത് മുഖ്യമന്ത്രിയാണെന്ന് നമ്മള്‍ ആലോചിക്കണം. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.