താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവിനെതിരെയാണ് പരാതി നൽകിയത്.
ദളിത് വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഒന്നര മണിക്കൂർ ഇരുത്തിയാതായി പരാതി. തിരുവനന്തപുരം വെള്ളായണി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയെയാണ് അധ്യാപിക സാങ്കൽപ്പിക കസേരയിൽ ഇരുത്തിയത്. കുഴഞ്ഞുവീണ വിദ്യാർഥിനിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു.
താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവിനെതിരെയാണ് പരാതി. യാതൊരു കാരണവുമില്ലാതെയാണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടുദിവസം പണിഷ്മെന്റ് നൽകിയത് എന്നാണ് ആരോപണം. സംഭവത്തിൽ വിദ്യാർഥിനി തിരുവല്ലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകി. നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് ലിനു വിദ്യാർഥിനിയുടെ മാതാവിനെ വെല്ലുവിളിച്ചതായും പരാതിയുണ്ട്.
Also Read: മലപ്പുറത്ത് മുസ്ലീം ലീഗ് നേതാവ് സ്വര്‍ണക്കടത്തില്‍ പിടിയിലായി; ആരോപണവുമായി സിപിഎം
അധ്യാപികക്കെതിരെ പരാതികൾ പറഞ്ഞു മടുത്തെന്നാണ് വിദ്യാർഥിനി പറയുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനി കുറച്ചുദിവസം അവധിയിലായിരുന്നു. വിദ്യാർഥിനി അവധിയെടുത്തതിൽ പ്രതികാര നടപടി എന്നോണം ആണ് വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക അധ്യാപിക ലിനു ശിക്ഷ നടപടികളിലേക്ക് കടന്നത്. ഹോസ്റ്റലിൽ വിദ്യാർഥിനിയെ കൊണ്ടുപോകാൻ അമ്മ വന്നപ്പോഴാണ് ശാരീരിക പ്രശ്നങ്ങൾ കുട്ടി അമ്മയുമായി പങ്കുവെച്ചത്.
കടുത്ത നടുവേദനയെ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. താൽക്കാലിക അധ്യാപികക്ക് നേരെ ഇതിനു മുന്നേയും പരാതി ഉണ്ടായിരുന്നെന്നും വിദ്യാർത്ഥിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.