രാവിലെ 8 മണിക്ക് മുതദേഹം ബന്ധുക്കൾ എറ്റുവാങ്ങി ഉച്ചക്കുളം നഗറിലെ ശ്മശാനത്തിൽ സംസ്കരിക്കും
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ രാത്രി നിലമ്പൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ 8 മണിക്ക് മുതദേഹം ബന്ധുക്കൾ എറ്റുവാങ്ങി ഉച്ചക്കുളം നഗറിലെ ശ്മശാനത്തിൽ സംസ്കരിക്കും.
പോത്തുകളെ മേയ്ക്കാൻ വനത്തിലേക്ക് പോയ സരോജിനിയെ ഇന്നലെ രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടാന ആക്രമണത്തിന്ന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് SDPI ഇന്ന് നിലമ്പൂർ മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിലമ്പൂർ മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികമാണ്. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ രണ്ടാമത്ത മരണമാണിത്.
സരോജിനിയുടെ മരണത്തിന് പിന്നാലെ യുഡിഎഫും ബിജെപിയും വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് സോളാർ ഫെൻസിംഗും ട്രെഞ്ച് നിർമിക്കാനുമുള്ള നടപടികൾ ആരംഭിക്കുമെന്ന് സബ് കലക്ടർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സുരക്ഷ സംവിധാനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സരോജിനിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും സബ് കലക്ടർ പറഞ്ഞു.