തമിഴകത്തിനും പുറത്തും പ്രേക്ഷക മനസിൽ പ്രത്യേകമായ ഇടം വിജയ് സേതുപതിക്കുണ്ട്
ഒരു പേരിൽ ഒരു സൂപ്പർസ്റ്റാറെന്നാണ് സിനിമാ മേഖലയിലെ പൊതു നിയമം. എന്നാൽ വിജയ് എന്നു കേട്ടാൽ, ദളപതി വിജയ്‌യോ അതോ വിജയ് സേതുപതിയോ എന്ന് പ്രേക്ഷകർ ചോദിക്കും. ഇന്ന് തമിഴകത്തിനും പുറത്തും പ്രേക്ഷക മനസിൽ പ്രത്യേകമായ ഇടം വിജയ് സേതുപതിക്കുണ്ട്. മണ്ണിൽനിന്ന് മനസ്സിലേക്ക് വളർന്ന സേതുപതിയുടെ 47-ാം പിറന്നാൾ ദിനമാണ് ഇന്ന്.
തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിൽ ധർമധുരൈ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തിലെ നായകൻ പുലർച്ചെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെയാകെ മഞ്ഞള്‍ ചോറിൻ്റെ മണം. നോക്കുമ്പോൾ തേയില തൊഴിലാളികൾക്ക് ഒപ്പമിരുന്ന് സിനിമയുടെ സംവിധായകൻ സീനു രാമസ്വാമി ഭക്ഷണം കഴിക്കുന്നു. അവിടേക്ക് ചെന്ന് അതിൽ നിന്നും കുറച്ച് എടുത്തു കഴിച്ച നായകൻ, സംവിധായകന് അല്പം വാരിക്കൊടുക്കുകയും ചെയ്തു. അന്ന് സീനു രാമസ്വാമിയാണ് ആ നായകനെ നോക്കി ആദ്യമായി പേര് വിളിച്ചത്, മക്കള്‍ സെല്‍വന്‍. ഇന്ന് അമ്പതാം സിനിമയും കഴിഞ്ഞ് മക്കൾ സെൽവനിൽ നിന്നും മനിതരിൻ രാജയായി മാറിയിരിക്കുന്നു ആ നായകൻ. അതാണ് വിജയ് സേതുപതി.
സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായും ടെലിഫോണ്‍ ബൂത്തില്‍ ഫോണ്‍ ഓപ്പറേറ്ററായും അക്കൗണ്ടൻ്റായും ജീവിതം പുലർത്തിയ സാധാരണക്കാരൻ. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് സ്വന്ത ദേശം രാജപാളയത്ത് തുടങ്ങിയ ഇൻ്റീരിയര്‍ ഡിസൈനിങ് സ്ഥാപനം പരാജയപ്പെട്ടപ്പോൾ ചെന്നൈയിലെ കൂത്ത്-പി-പട്ടറൈ നാടകക്കമ്പനിയിൽ അക്കൗണ്ടൻ്റായി. അവിടെ റിഹേഴ്‌സലിൽ നടീനടന്‍മാരുടെ അഭിനയം സൂക്ഷ്മമായി നിരീക്ഷിച്ച് രണ്ടു വര്‍ഷത്തോളം കഴിഞ്ഞു. ഒപ്പം നടനാകാനുളള അവസരങ്ങൾക്കായി അലഞ്ഞ നാളുകളായിരുന്നു അത്.
സംവിധായകൻ ബാലുമഹേന്ദ്ര ഫോട്ടോജനിക് മുഖമെന്ന് വിശേഷിപ്പിച്ചതോടെയാണ് ആത്മവിശ്വാസമാകുന്നത്. പുതുപ്പേട്ട, വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ലെ തുടങ്ങിയ സിനിമകളിൽ മുഖം കാണിച്ച് സിനിമയിൽ തുടക്കം. തെന്മേർക്ക് പരുവാക്കാട്ര് എന്ന ചിത്രത്തിലൂടെ നായകനായുള്ള അരങ്ങേറ്റം. കാത്തിക് സുബ്ബരാജിൻ്റെ ഹൊറർ ചിത്രം പിസ്സ ഹിറ്റായതോടെ വിജയ് സേതുപതി എന്ന താരവും പിറന്നു.
ഓറഞ്ച് മിഠായി, സൂത് കാവും, പന്നൈയാരും പത്മിനിയും, നാനും റൌഡി താൻ, സേതുപതി, കാതലും കടന്ത് പോകും, ധർമദുരൈ, ആണ്ടവൻ കട്ടാളൈ തുടങ്ങിയ ഹിറ്റുകളിലൂടെ സൂപ്പർ താര പദവിയിലേക്ക്. ധനുഷിനും കാർത്തിയുടെയും പിന്നിൽ നിന്നിടത്തുനിന്നും പേട്ടയിലൂടെ രജനികാന്തിൻ്റെ മുന്നിലേക്ക്. മാസ്റ്ററിൽ വിജയ്ക്കും വിക്രത്തിൽ കമലഹാസനും ജവാനിൽ ഷാരുഖ് ഖാനും ഒപ്പം നിൽക്കുന്ന വില്ലൻ. അവിടെയെല്ലാം കഥാപാത്രങ്ങളിലെ വ്യത്യസ്തതയും അഭിനയ ശൈലിയും വിജയ് സേതുപതിയെ തനി ഒരുവനാക്കി.
വിക്രം വേദയും 96 ഉം സൂപ്പർ ഡീലക്സും വിടുതലൈയും മഹാരാജയും ഇമേജിൻ്റെ കെട്ടുപാടിൽ തളയ്ക്കപ്പെടാതെ വിജയ് സേതുപതിയെ മാറ്റിയെഴുതി. 2024 ൽ പുറത്തിറങ്ങിയ മഹാരാജ, ബോക്സോഫീസിലെ ഇടക്കാല വീഴ്ചകൾക്കുള്ള വിജയ് സേതുപതിയുടെ മറുപടിയായിരുന്നു. ഇന്ത്യക്കു പുറമേ ചൈനയിലെ തിയറ്ററിൽ വിസ്മയം സൃഷ്ടിച്ച ചിത്രം, ഒടിടി പ്ലാറ്റ്ഫോമിലൂടെ ലോകത്തിനു മുന്നിലേക്ക് വിജയ് സേതുപതിയെന്ന പ്രതിഭയെ അടയാളപ്പെടുത്തുകയായിരുന്നു. അപ്പോഴൊക്കെയും ആരാധകരിലേക്ക് ഇറങ്ങിച്ചെന്ന് താരപ്രഭയിലും അസാധാരണമായ ഒരു സാധാരണത്വം ആ കലാകാരൻ സൃഷ്ടിച്ചു.
ആദ്യമായി സ്‌റ്റേജില്‍ കയറിയപ്പോള്‍ വിക്കി വിയര്‍ത്ത, മറ്റുളളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നിൽ വിറച്ച, ഒരു ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യാൻ നാണിച്ച, സിനിമാ ലൊക്കേഷനിൽ നിന്നും കരഞ്ഞു കൊണ്ടിറങ്ങിപ്പോയ വിജയ് സേതുപതി ഇന്ന്, ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന സമാനതകളില്ലാത്ത പ്രതിഭാസമാണ്. മികച്ച സഹനടനുളള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച നടനുളള രണ്ട് തമിഴ്‌നാട് സ്‌റ്റേറ്റ് അവാർഡും ആ പ്രതിഭയുടെ അടയാളപ്പെടുത്തലായി മാറി. കഥാപാത്രങ്ങൾക്കായി ജീവിക്കുന്ന ആ നടനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആളും പുതിയത്, ആട്ടവും പുതിയത്...