ഗാസയിലെ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചുവെന്ന വാർത്തകൾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിരുന്നു
ഗാസയിലെ വെടിനിർത്തൽ കരാറിന് ഹമാസ് അംഗീകാരം നൽകിയതായി സൂചന. നിർദ്ദിഷ്ട വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരെ ഹമാസിന്‍റെ പ്രതിനിധി സംഘം അറിയിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ദോഹയിലെ മധ്യസ്ഥരെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ അറിയിച്ചതായി അൽ ജസീറ അറബിക്, സ്കൈ ന്യൂസ് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നതായി ഒരു അറബ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗാസ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ നടക്കുന്ന ദോഹയിൽ വച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത്.
അതേസമയം, ഗാസയിലെ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചുവെന്ന വാർത്തകൾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിരുന്നു. കരാറിനോട് ഹമാസ് പ്രതികരിച്ചിട്ടില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ ഓഫീസിന്‍റെ പ്രസ്താവന. എന്നാല്‍, ഗാസയിലെ ബന്ദികളുടെ മോചനവും വെടിനിർത്തൽ കരാറും സംബന്ധിച്ച് സുരക്ഷാ മന്ത്രിസഭയും സർക്കാരും നടത്തുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചത്തെ യൂറോപ്പിലേക്കുള്ള തന്റെ സന്ദർശനം വെട്ടിക്കുറയ്ക്കുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രിയും പറഞ്ഞു.