വെടിനിർത്തൽ കരാർ സാധ്യമായതായി യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിരുന്നു
ഗാസ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രയേലും ഹമാസും. ഉടന്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. കരാറിനായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി വാർത്താ സമ്മേളനത്തിൽ അൽപം സമയത്തിനകം ഇക്കാര്യങ്ങൽ സ്ഥിരീകരിക്കും.
വെടിനിർത്തൽ കരാർ സാധ്യമായതായി യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിരുന്നു. നമുക്ക് ഒരു കരാറുണ്ടെന്നും ബന്ദികളെ 'ഉടൻ' മോചിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരെ ഹമാസിന്‍റെ പ്രതിനിധി സംഘം അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ദോഹയിലെ മധ്യസ്ഥരെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ അറിയിച്ചുവെന്നായിരുന്നു അൽ ജസീറ അറബിക്, സ്കൈ ന്യൂസ് എന്നിവയുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നതായി ഒരു അറബ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
Also Read: 'ബന്ദികൾ ഉടന്‍ മോചിതരാകും'; ഗാസ വെടിനിർത്തല്‍ കരാർ സാധ്യമായതായി ട്രംപ്
മൂന്ന് ഘട്ടമായിട്ടാകും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേല്‍ തടവിലുള്ള നൂറുകണക്കിന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടം. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഹമാസ് മോചിപ്പിക്കുന്നവരിൽ അഞ്ച് വനിതാ ഇസ്രയേല്‍ സൈനികരും ഉൾപ്പെടും. കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളും ഈ ഘട്ടത്തിലാണുണ്ടാവുക. കരാർ പ്രകാരം ഘട്ടം ഘട്ടമായിട്ടായിരിക്കും ഇസ്രയേലിന്‍റെ സെെനിക പിന്മാറ്റം. ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി ബന്ദി മോചനം ഉറപ്പാക്കാനായിരുന്നു തിരക്കിട്ട ചർച്ചകൾ.