കേസിൽ പൊലീസ് എഫ്ഐആർ വൈകിപ്പിച്ചുവെന്നാണ് അഭിഭാഷകൻ സി.വി. ആദിൽ അലിയുടെ ആരോപണം
അഭിഭാഷകൻ സി.വി. ആദിൽ അലി
മലപ്പുറം അരീക്കോട് കൂട്ടബലാത്സംഗ കേസിൽ പൊലീസിനെതിരെ അതിജീവിതയുടെ അഭിഭാഷകൻ. മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പൊലീസ് എഫ്ഐആർ വൈകിപ്പിച്ചുവെന്നാണ് അഭിഭാഷകൻ സി.വി. ആദിൽ അലിയുടെ ആരോപണം. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർക്കെതിരെയാണ് യുവതി മൊഴി നൽകിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിരുന്നു.
അടുത്തിടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുന്നത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടിൽ അധികമാളുകൾ ചൂഷണത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ സഹോദരൻ നൽകിയ പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകളാണ് അരീക്കോട് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 2022-23 വർഷങ്ങളിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് എഫ്ഐആറിൽ പറയുന്നു.
യുവതിയുടെ സഹോദരൻ പരാതിയുമായി പല തവണ അരീക്കോട് പൊലീസിനെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെ കഴിഞ്ഞ ഡിസംബർ മൂന്നാം തിയ്യതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് സഹോദരൻ പരാതി നൽകി. തുടർന്ന് ഡിജിപി, മുഖ്യമന്ത്രി, വനിതാ കമ്മീഷനടക്കം പരാതി നൽകിയപ്പോൾ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എഫ്ഐആറിൽ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്ന ആരോപണവും അഭിഭാഷകൻ സി.വി. ആദിൽ അലി ഉന്നയിക്കുന്നു. പരാതിക്കാർ പണം നൽകി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. കുറ്റക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർക്ക് പണവും ഐഫോണും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകൻ ആരോപിച്ചു.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി, യുവതിയുടെ 15 പവൻ സ്വർണം കവർന്നു എന്നും പണം വാങ്ങി മറ്റു പലർക്കും യുവതിയെ കാഴ്ച്ച വെച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ചൂഷണം ചെയ്തത് നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർ ആണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 38 കാരിയായ യുവതിയുടെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അതിജീവിത മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.