ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷമുള്ള തീന്‍മൂർത്തി ഭവനിലെ ദൂരദർശന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു
സിഖ് കൂട്ടക്കൊലയില്‍ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ ആവശ്യമായ തെളിവുകളുണ്ടെന്ന് വിചാരണ കോടതി. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ജഗദീഷ് ടൈറ്റ്ലർ. ഇന്ദിരാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് 1984ൽ ഡൽഹിയിൽ സിഖ് വംശജരെ കൂട്ടകൊല ചെയ്ത സംഭവത്തിൽ സിബിഐ ചാർജ് ചെയ്ത കേസിലാണ് ടൈറ്റ്ലർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രത്യേക ജഡ്ജ് രാകേഷ് സിയാലാണ് ഈ ഉത്തരവിട്ടത്.
ഇന്ത്യൻ പീനൽ കോഡിന്‍റെ (ഐപിസി) സെക്ഷൻ 148 (മാരകായുധങ്ങളുമായി കലാപം) പ്രകാരം ടൈറ്റ്ലറെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, ഐപിസി സെക്ഷൻ 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം), 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 188 (പ്രഖ്യാപിച്ച ഉത്തരവ് അനുസരിക്കാതിരിക്കൽ), 295 (ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുക), 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുക) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ ടൈറ്റ്ലർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്.
451 (വീട്ടിൽ അതിക്രമിച്ച് കടക്കൽ), 380 ( മോഷണം), 149 (പൊതു വസ്തു), 302 (കൊലപാതകം), 109 (പ്രേരണ) എന്നിവയാണ് കോണ്‍ഗ്രസ് നേതാവിന് മേല്‍ ചുമത്തിയിരിക്കുന്ന മറ്റു വകുപ്പുകള്‍. കോടതിയുടെ വിധിയെ ഭാരതീയ ജനതാ പാർട്ടി സ്വാഗതം ചെയ്തു. നീതി ചക്രം ചലിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി മഞ്ജിന്ദർ സിങ് എക്സില്‍ കുറിച്ചു.
1984 ഓക്ടോബർ 31നാണ് ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകർ വധിക്കുന്നത്. സിഖ് വംശജരായ ഇവർ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ പ്രതിഷേധിച്ചാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് വ്യാപകമായ സിഖ് കൂട്ടക്കൊല നടന്നത്. 2023ലാണ് സിബിഐ ഈ കേസില്‍ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുള്ള തീന്‍മൂർത്തി ഭവനിലെ ദൂരദർശന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ജഗദീഷ് ടൈറ്റ്ലർ തീന്‍മൂർത്തി ഭവനിലുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ മനു ശർമ ദൃശ്യങ്ങള്‍ ഹാജരാക്കിയത്. എന്നാല്‍, ഈ വാദം ഇരകള്‍ക്ക് വേണ്ടി ഹാജരായ എച്ച്.എസ്. ഫൂല്‍ക തള്ളിക്കളഞ്ഞു. 1984 നവംബർ ഒന്ന് ടൈറ്റ്ലർ തീന്‍മൂർത്തി ഭവനില്‍ ഇല്ലായിരുന്നുവെന്ന അമിതാബ് ബച്ചന്‍റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഭാഗത്തിന്‍റെ വാദത്തെ സിബിഐ നേരിട്ടത്.
2000ല്‍ ഇന്ത്യന്‍ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് നാനാവതി കമ്മീഷനാണ് സിഖ് കൂട്ടക്കൊലയിൽ അന്വേഷണം ആരംഭിക്കുന്നത്. കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരമാണ് ടൈറ്റ്ലർക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്വേഷണത്തില്‍, പുല്‍ ബംഗാഷ് ഗുരുദ്വാര നശിപ്പിക്കാന്‍ കലാപകാരികളെ പ്രേരിപ്പിച്ചത് ടൈറ്റ്ലറാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. ഗുരുദ്വാര ആക്രമണത്തില്‍ മൂന്ന് സിഖ് വംശജർ കൊല്ലപ്പെട്ടിരുന്നു. ആ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ടൈറ്റ്ലറിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുന്നതിന് സിബിഐയെ പ്രേരിപ്പിച്ചത്.