ഹരിയാന തെരഞ്ഞടുപ്പ് ഫലം മനപൂർവം വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി
ഹരിയാന തെരഞ്ഞടുപ്പ് ഫലം മനപൂർവം വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി സമർപ്പിച്ചു. വോട്ടെണ്ണൽ ആരംഭിച്ച് പല ഘട്ടത്തിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിട്ട് നിന്നെങ്കിലും ഫലം അപ്ഡേറ്റ് ചെയ്യുന്നതിൽ താമസമുണ്ടായി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് കോൺഗ്രസ് 36 സീറ്റുകളിലും, ബിജെപി 48 സീറ്റുകളിലാമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിൻ്റെ ഏകദേശ ചിത്രം വ്യക്തമായെങ്കിലും എല്ലാ റൗണ്ടും എണ്ണിക്കഴിയാതെ വിജയപരാജയങ്ങളുടെ യഥാർഥ ചിത്രം വ്യക്തമാകുകയില്ല.
ഇതിനിടെയാണ് ഫലം പ്രസിദ്ധീകരിക്കുന്നതിലെ മെല്ലപ്പോക്ക് ആരോപിച്ചു കൊണ്ട് കോൺഗ്രസ് രംഗത്തെത്തിയത്. ഇലക്ഷൻ കമ്മീഷൻ്റെ സൈറ്റിൽ ഫലങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ താമസമുണ്ടായെന്നും ഫലം വൈകിപ്പിക്കുന്നത് ബിജെപിയുടെ സമ്മർദം കൊണ്ടാണോയെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
തെറ്റായ വാർത്തകളും വിവരണങ്ങളും ഉടനടി ലഭ്യമാകുന്ന തരത്തിൽ കണക്കുകൾ കൃത്യമായി ലഭിക്കാനുള്ള സൗകര്യമുണ്ടാക്കണമെന്നും ജയ്റാം രമേശ് പരാതിയിൽ വ്യക്തമാക്കി.