തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട് അല്ലെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം
കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണെന്ന് പ്രകീർത്തിച്ച ശശി തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ കേരളത്തിലെ വ്യാവസായിക വികസനത്തെ വാനോളം പുകഴ്ത്തിയത്.
സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാം തരൂർ ലേഖനത്തിൽ എടുത്തു പറയുന്നു. 'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിലാണ് ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനം.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെ തരൂര്‍ അഭിനന്ദിക്കുന്നു. സിംഗപ്പൂരിലും അമേരിക്കയിലുമെല്ലാം ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് രണ്ട് മിനിറ്റിനുള്ളില്‍ ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണ് ഇതെന്നാണ് തരൂരിൻ്റെ നിലപാട്. ഇന്നത്തെ ദേശാഭിമാനി പത്രമാകട്ടെ തരൂരിൻ്റെ ലേഖനം സംബന്ധിച്ച വാർത്ത, കേരളം അതിശയിപ്പിക്കുന്നു, എന്ന ഒന്നാം തലക്കെട്ടുമാക്കി.
ഇതോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം വന്നത്. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ല. ശശി തരൂർ എന്ത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് എന്നറിയില്ല. അത് പാർട്ടി പരിശോധിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലേഖനം വായിച്ചിട്ടില്ല പക്ഷെ തരൂരിന്റെ അഭിപ്രായം പാർട്ടി പരിശോധിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ നിലപാട്. പരിഹാസ ഭാഷയിലായിരുന്നു കെ. മുരളീധരൻ്റെ പ്രതികരണം. ശശി തരൂർ ദേശീയ നേതാവും വിശ്വ പൗരനുമാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തനം വിലയിരുത്തേണ്ട ചുമതല തന്നെപ്പോലെ ഒരു സാധാരണക്കാരനില്ല. പക്ഷേ തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട് അല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ശശി തരൂർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് നേതാവ് പവൻഖേരയും പ്രതികരിച്ചു.
അതേസമയം, കേരളത്തെ പ്രകീർത്തിച്ച് എഴുതിയ ലേഖനം ട്വിറ്ററിൽ പങ്കുവച്ച ശേഷം പ്രസക്തഭാഗങ്ങൾ കമൻ്റായി തരൂർ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.