കാല് മാറുന്നവരോട് സാധാരണ ജനങ്ങൾക്ക് പുച്ഛമുണ്ടാകുമെന്നും യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ കുറിച്ചു
ശശി തരൂർ എംപിക്കെതിരെ ഒളിയമ്പുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് കൂറിലോസ്. ശശി തരൂരിനെ പരോക്ഷമായി വിമർശിച്ചാണ് ഗീവർഗീസ് കൂറിലോസ് രംഗത്തെത്തിയത്. ഞാനാണ് കേമനെന്ന് ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെയുണ്ടോയെന്ന് ചോദിച്ചുകൊണ്ടാണ് കുറിലോസിൻ്റെ പോസ്റ്റ്. മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നെങ്കിൽ ഇദ്ദേഹം എവിടെ ഇരിക്കുമായിരുന്നുവെന്നും, കാല് മാറുന്നവരോട് സാധാരണ ജനങ്ങൾക്ക് പുച്ഛമുണ്ടാകുമെന്നും യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക് പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!
ശശി തരൂർ എംപിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നു. രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലരെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം.
രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണിത്. പിണറായി സർക്കാരിൻ്റെ 3.0യെ പറ്റിയാണ് ഇവരുടെ സംസാരം. വിദൂഷകന്മാർ രാജാവിനെ തൃപ്തിപ്പെടുത്താൻ എന്തും ചെയ്യും. അരിയാഹാരം കഴിക്കുന്ന കേരളീയർ ഇത് വിശ്വസിക്കുമോ. രണ്ടാമത്തെ ദുരന്തം സഹിക്കാൻ വയ്യാതായി. അപ്പോഴാണ് മൂന്നാം പിണറായി സർക്കാർ വരുമെന്ന് പറയുന്നത്. മൂന്നാം പിണറായി സർക്കാർ വരുന്നത് മാർക്സിസ്റ്റ് പാർട്ടി അണികൾ പോലും താൽപര്യപ്പെടുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.