സുഹൃത്ത് നരേന്ദ്ര മോദിക്കാണ് പണം കൊടുത്തതെന്ന് ട്രംപ് പറഞ്ഞതിൽ പിടിച്ചാണ് കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നത്
വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് ധനസഹായം നൽകിയിരുന്നു എന്ന വെളിപ്പെടുത്തലിൽ ഇന്ത്യയെ വിടാതെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മുൻ സർക്കാരിൻ്റെ കാലത്ത് ഇന്ത്യ അമേരിക്കയെ നന്നായി മുതലെടുക്കുകയായിരുന്നു എന്ന് ട്രംപ് ആരോപിച്ചു. അതേസമയം തൻ്റെ സുഹൃത്ത് നരേന്ദ്ര മോദിക്കാണ് പണം നൽകിയത് എന്ന ട്രംപിൻ്റെ പ്രസ്താവനയിൽ ഇന്ത്യയിലും രാഷ്ട്രീയ വിവാദം കടുക്കുകയാണ്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്കായി ജോ ബൈഡൻ ഭരണകൂടത്തിൻ്റെ കാലത്ത് അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിൽ തുടർച്ചയായ നാലാം ദിവസവും ഇന്ത്യയെ വിടാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്ക് 18 ദശലക്ഷം ഡോളർ എന്ന ഭീമമായ തുക എന്തിന് നൽകി? എന്ത് യുക്തിയായിരുന്നു ആ നടപടിക്കെന്ന് ട്രംപ് ചോദിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ നികുതി നിരക്കുകൾ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്ക എന്തെങ്കിലും വിൽക്കാൻ നോക്കിയാൽ 200 ശതമാനം വരെയാണ് ഇന്ത്യ ചുങ്കം ചുമത്തുന്നത്. എന്നിട്ടും നമ്മളവരെ സഹായിക്കുന്നുപോലും! എന്തുകാര്യത്തിന്? അവർക്ക് പണത്തിൻ്റെ യാതൊരു ആവശ്യവുമില്ല. നമ്മുടെ തെരഞ്ഞെടുപ്പുകളിൽ അവർ സഹായിക്കട്ടെ. ഇങ്ങനെ പോയി ട്രംപിൻ്റെ രോഷം. യുഎസ് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ ഭരണകാര്യക്ഷമതാ വകുപ്പാണ് വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാൻ അമേരിക്ക നൽകിവന്ന സഹായത്തിൻ്റെ കണക്ക് പുറത്തുവിട്ടത്. ഇതിലായിരുന്നു ഇന്ത്യയ്ക്കുള്ള ധനസഹായം സംബന്ധിച്ച വിവരങ്ങളും ഉൾപ്പെട്ടത്.
വിവാദത്തിൽ രാജ്യത്ത് ബിജെപി കോൺഗ്രസ് പോരും മുറുകുകയാണ്. സുഹൃത്ത് നരേന്ദ്ര മോദിക്കാണ് പണം കൊടുത്തതെന്ന് ട്രംപ് പറഞ്ഞതിൽ പിടിച്ചാണ് കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നത്. ഇതോടെ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആരോപണം ഉയർത്തിയ ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലായി. സുഹൃത്തിൻ്റെ വെളിപ്പെടുത്തലിന് പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് കോൺഗ്രസിൻ്റെ ആവെളിപ്പെടുത്തലിൻ്റെ വസ്തുതകൾ സർക്കാർ അന്വേഷിച്ചുവരുകയാണ് എന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പ്രതികരണം.