കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ പുരോഗതി കണ്ട ആരോഗ്യനില വീണ്ടും മോശമാവുന്നതായാണ് റിപ്പോർട്ട്
ശ്വാസകോശ അണുബാധയെതുടർന്ന് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ പുരോഗതി കണ്ട ആരോഗ്യനില വീണ്ടും മോശമാവുന്നതായാണ് റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ഞായറാഴ്ചയും വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസേലിക്കയിൽ മാർപാപ്പ ഇല്ലാതെയാണ് ആരാധന നടന്നത്. രാജി അഭ്യൂഹങ്ങള്‍ മുളപൊട്ടവേ, മാർപ്പാപ്പയുടെ തിരിച്ചുവരവിനായി പ്രാർഥനയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍.
സെൻ്റ് പീറ്റേഴ്സ് ബെസേലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ഇല്ലാത്ത തുടർച്ചയായ രണ്ടാമത്തെ ഞായറാഴ്ചയായിരുന്നു ഇന്ന്. 2013ലെ സ്ഥാനാരോഹണത്തിനുശേഷം ഇതാദ്യമായാണ് രണ്ടു ഞായറാഴ്ച പ്രാർഥനകളില്‍ മാർപ്പാപ്പയുടെ അസാന്നിദ്ധ്യം. 2021ല്‍ ഹെർണിയ ശസ്ത്രക്രിയയ്ക്കായി മാറിനിന്നപ്പോള്‍ പോലും രണ്ടാം ഞായറാഴ്ച ദിവസം വിശ്വാസികള്‍ക്കുമുന്നില്‍ മാർപ്പാപ്പയെത്തിയിരുന്നു. 9 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷവും പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.
ALSO READ: ഇന്ത്യ നന്നായി മുതലെടുത്തുവെന്ന ട്രംപിൻ്റെ പ്രസ്താവന; രാജ്യത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം
മാർപാപ്പയ്ക്ക് പകരം കുർബാനയർപ്പിച്ച ആർച്ച് ബിഷപ്പ് റിനോ ഫിസിഷേല്ല വലിയ ഇടയൻ്റെ രോഗശാന്തിക്കായി പ്രത്യേക പ്രാർത്ഥന നടത്തി. ലോകമെങ്ങുമുള്ള ക്രിസ്തീയ ദേവാലയങ്ങളിൽ മാർപാപ്പയ്ക്കുവേണ്ടി പ്രാർത്ഥനകൾ നടന്നു.
ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് മാർപ്പാപ്പയെ റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ട് പിന്നാലെ വന്നു. ബുധനാഴ്ചയോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായി. എന്നാൽ ആ ആശ്വാസം മങ്ങുന്നതായാണ് ശനിയാഴ്ച പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിലെ വിവരം.
കടുത്ത ശ്വാസതടസം ആസ്മയിലേക്കെത്തിയതോടെ കൃത്രിമ ശ്വാസത്തിൻ്റെ സഹായം മാർപാപ്പയ്ക്ക് നൽകുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെെറ്റുകളുടെ നിലയും അസാധാരണമായി താഴ്ന്ന നിലയിലാണ്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ലക്ഷണങ്ങള്‍ ജീവനുതന്നെ ഭീഷണിയാകുന്ന സെപ്സിസ് അണുബാധയിലേക്കെത്തുമെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ വേദനയും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും ഉറക്കഗുളികകളുടെ സഹായത്തോടെ കഴിഞ്ഞ രാത്രി പാപ്പ സമാധാനമായി ഉറങ്ങിയെന്നാണ് റിപ്പോർട്ടുകള്‍. പക്ഷേ അപകടനില ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ മാർപ്പാപ്പ രാജിവെച്ചേക്കുമെന്ന അഭ്യൂഹം വീണ്ടും ഉയരുന്നുണ്ട്. 76ാം വയസില്‍ മാർപ്പാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാർപ്പാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യവർഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് തയ്യാറാക്കിവെച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വത്തിക്കാൻ വൃത്തങ്ങൾ ഇതെല്ലാം തള്ളുന്നു. മാർപ്പാപ്പ ആരോഗ്യവാനായി തിരിച്ചുവരുന്നത് മാത്രമാണ് പ്രധാനമെന്നും ഇത്തരം ചർച്ചകള്‍ അപ്രസക്തമാണെന്നും വത്തിക്കാന്‍ ആവർത്തിച്ചു.
മാർപ്പാപ്പയുടെ ജന്മനാടായ ബ്യൂണസ് അയേഴ്സ് മുതല്‍ വത്തിക്കാന്‍ വരെയും ഇങ്ങ്, കേരളം വരെയുമുള്ള വിശ്വാസികള്‍ പ്രാർഥനയോടെ കാത്തിരിക്കുന്നതും ആ തിരിച്ചുവരവിനായാണ്.