fbwpx
അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെക്കുന്നു; കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎം സമരം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Feb, 2025 10:54 PM

ചൊവ്വാഴ്ച (25-02-25) ജില്ലകളിൽ കേന്ദ്ര ഓഫീസുകൾ സിപിഎം ഉപരോധിക്കും

KERALA


കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സമരം ആരംഭിക്കാൻ സിപിഎം. ചൊവ്വാഴ്ച (25-02-25) ജില്ലകളിൽ കേന്ദ്ര ഓഫീസുകൾ സിപിഎം ഉപരോധിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിവരം അറിയിച്ചത്. കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

സിപിഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണരൂപം:


കേരളം മുന്നോട്ടു വെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.

കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അതിന്റെ ആഴവും പരപ്പും പലമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ജനക്ഷേമത്തിലും വികസനത്തിലുമൂന്നിയ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ എതിർക്കുന്നു എന്ന കാരണത്താൽ കേരളത്തിന് അർഹമായവ പോലും നൽകേണ്ടതില്ലെന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെയാകെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ട്.



ALSO READ: "ഞാനാണ് കേമനെന്ന് ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെയുണ്ടോ?"; തരൂരിനെതിരെ ഗീവർഗീസ് കൂറിലോസ്



പ്രത്യേക റെയിൽവേ സോൺ, എയിംസ് തുടങ്ങിയവ അനുവദിക്കണമെന്ന ദീർഘകാല ആവശ്യങ്ങളോടും കേന്ദ്രം മുഖം തിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച അടുത്ത സാമ്പതിക വർഷത്തേക്കുള്ള ബജറ്റിൽ നിന്ന് കേരളമെന്ന വാക്കുപോലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തോട് കേന്ദ്രം പുലർത്തുന്ന അവഗണനയുടെ പ്രത്യക്ഷ തെളിവാണിത്. സംസ്ഥാനത്തിനുള്ള വിഹിതം, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിഹിതം എന്നിവയെല്ലാം വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്. നികുതി വിഹിതം പങ്കുവെക്കുന്നതിലും കേരളത്തിന്റെ പങ്ക് വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാട് സംസ്ഥാനത്തിന്റെ 54700 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.


ലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വയനാട് മുണ്ടക്കയ്യിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെയും ജീവിത മാർഗവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ കേന്ദ്രം ഇനിയും. തയാറാകാത്തത് അത്യന്തം അപലപനീയമാണ്. സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ മേഖലയിലും മോദി സർക്കാർ ഇടപെടൽ നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് യുജിസിയുടെ കരട് മാർഗ്ഗരേഖ. ഫെഡറൽ തത്വങ്ങളെയാകെ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വർഗീയവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ മാർഗരേഖയും.


ALSO READ: പല നാള്‍ കള്ളന്‍ ഒരുനാള്‍... ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വൃദ്ധദമ്പതികളുടെ വീട്ടിലെത്തി മയക്കിക്കിടത്തി സ്വർണം കവർന്ന പ്രതി പിടിയിൽ


കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിെഎം നേതൃത്വത്തിൽ ചൊവ്വാഴ്ച ജില്ലകളിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് സിപിഐ എം ഉപരോധം തീർക്കുന്നത്. മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ സമരത്തിന്റെ ഭാഗമാകണം.
തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് പി കെ ബിജു, പത്തനംതിട്ടയിൽ ആനാവൂർ നാഗപ്പൻ, ആലപ്പുഴയിൽ എം സ്വരാജ്, കോട്ടയത്ത് കെ കെ ജയചന്ദ്രൻ, ഇടുക്കിയിൽ സി എസ് സുജാത, എറണാകുളത്ത് ടി പി രാമകൃഷ്ണൻ, പാലക്കാട് എ കെ ബാലൻ, തൃശൂരിൽ കെ കെ ശൈലജ ടീച്ചർ, മലപ്പുറത്ത് എളമരം കരീം, കോഴിക്കോട് എ വിജയരാഘവൻ, കണ്ണൂരിൽ ഇ പി ജയരാജൻ, കാസർകോഡ് പി കെ ശ്രീമതി ടീച്ചർ എന്നിവർ പങ്കെടുക്കും.

ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ മാർച്ച് നാലിനാണ് ഉപരോധ സമരം.

കേന്ദ്ര സർക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള ഈ പോരാട്ടത്തിൽ ഓരോ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് സിപിഐ (എം) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

WORLD
ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരം; പ്രാർഥനയോടെ ലോകമെമ്പാടുമുള്ള വിശ്വാസികൾ
Also Read
user
Share This

Popular

KERALA
KERALA
India vs Pakistan LIVE | ദുബായില്‍ ഇന്ത്യന്‍ വിജയഗാഥ; സെമി ഉറപ്പിച്ച് കോഹ്‌ലിയും സംഘവും