മോട്ടോർ വാഹനവകുപ്പും ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും വിധി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു
നിയമപരമായ രീതിയിൽ വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവർക്കെതിരെ നടപടി പാടില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനപരിശോധനയ്ക്കിടെ കൂളിംഗ് ഫിലിം വലിച്ചുകീറുന്ന സമീപനം പാടില്ല. വളരെ ഇരുണ്ട ഫിലിം ഒട്ടിച്ചാൽ മീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷം ഫൈൻ ഈടാക്കാം. ആരെയും മനപൂർവം ഉപദ്രവിക്കാനായി ഫൈൻ ഈടാക്കരുതെന്നും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വീഡിയോ സന്ദേശത്തിൽ മന്ത്രി നിർദേശം നൽകി.
ALSO READ: പി. വിജയന്‍ പുതിയ ഇൻ്റലിജൻസ് എഡിജിപി
മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിൻ്റെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. വളരെ ഇരുണ്ട ഫിലിം ഒട്ടിച്ചാൽ ഫൈൻ ഈടാക്കാം. മീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷം ഫൈൻ നൽകണം. ആരെയും ഉപദ്രവിക്കാൻ വേണ്ടി മാത്രം ഫൈൻ അടിക്കരുത്. ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. റോഡിൽ വെച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥർ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു.