ബിജെപി നേതാക്കൾ നാണക്കേടിൻ്റെ എല്ലാ അധികാര പരിധിയും ലംഘിച്ചുവെന്നും, ബിജെപി, വനിത മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു
പ്രിയങ്കാ ഗാന്ധിക്കെതിരെയുള്ള പരാമശത്തിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കൽക്കാജിയിലെ ബിജെപി സ്ഥാനാർഥിയുമായ രമേഷ് ബിധുരി. ഇത്തവണ ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയത്. അതിഷി തൻ്റെ പിതാവിനെ മാറ്റിയെന്നായിരുന്നു രമേഷ് ബിധുരിയുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നിനിടെയായിരുന്നു ഇയാൾ അതിഷിക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.
ആദ്യം മർലേനയെന്നും പിന്നീട് സിങ് ആയി എന്നും പറഞ്ഞു കൊണ്ട് അവർ പിതാവിനെ മാറ്റിയെന്നും, ആംആദ്മി പാർട്ടിയുടെ സ്വഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും രമേഷ് ബിധുരി പറഞ്ഞു. "നമ്മുടെ ധീരയായ നിരവധി സൈനികരുടെ മരണത്തിന് ഉത്തരവാദിയായ ഭീകരൻ അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷയ്ക്കെതിരെ ദയാഹർജിയുമായി കോടതിയെ സമീപിച്ചവരാണ് അതിഷിയുടെ കുടുംബം. ഗുരുവിൻ്റെ വധശിക്ഷയ്ക്കെതിരെ കോടതിയെ സമീപിച്ചവരെ പിന്തുണയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ",രമേശ് ബിധുരി ചോദ്യമുയർത്തി.
ALSO READ: 'ഡൽഹി റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കും'; വിവാദ പരാമർശവുമായി ബിജെപി നേതാവ്
അതിഷിയെ അധിക്ഷേപിച്ചതിന് സംഭവത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ശക്തമായി പ്രതിഷേധിച്ചു. ബിജെപി നേതാക്കൾ നാണക്കേടിൻ്റെ എല്ലാ അധികാര പരിധിയും ലംഘിച്ചുവെന്നും, ബിജെപി വനിത മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു. "ഒരു വനിതാ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് ഡൽഹിയിലെ ജനങ്ങൾ സഹിക്കില്ല. എല്ലാ സ്ത്രീകളും ഇതിന് പ്രതികാരം ചെയ്യും", കെജ്‌രിവാൾ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കാ ഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശവുമായി രമേഷ് ബിധുരി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്നാണ് നേതാവിൻ്റെ പരിഹാസം.ഇത്തരം പരാമർശങ്ങൾ നേതാവിൻ്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. "പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള രമേശ് ബിധുരിയുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയും പ്രകടമാക്കുന്നു.
എന്നാൽ, സഭയിൽ തന്റെ സഹ എംപിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടും ഒരു ശിക്ഷയും ലഭിക്കാത്ത ഒരാളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം," കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതേ പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെ ഒരു നേതാവിൻ്റെ കീഴിൽ ഡൽഹിയിലെ സ്ത്രീകൾ സുരക്ഷിതരാണോയെന്ന് ആം ആദ്മിയും പ്രതികരിച്ചു. "ഇത് ബിജെപിയുടെ സ്ഥാനാർഥിയാണ്. അദ്ദേഹത്തിന്റെ ഭാഷ കേൾക്കൂ. ഇതാണ് ബിജെപിയുടെ സ്ത്രീകളോടുള്ള ബഹുമാനം. ഇത്തരം നേതാക്കളുടെ കൈകളിൽ ഡൽഹിയിലെ സ്ത്രീകളുടെ അഭിമാനം സുരക്ഷിതമായിരിക്കുമോ?" - ആം ആദ്മി എംപി സഞ്ജയ് സിംഗ് എക്സിൽ കുറിച്ചു.