വിർജിനിയ, കെൻറ്റുകി, കാൻസാസ്, മിസൂറി, അർക്കൻസാസ് തുടങ്ങിയ സ്റ്റേറ്റുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്
അമേരിക്കയിൽ ശൈത്യ കൊടുങ്കാറ്റ് ശക്തമാകുന്നു. ദശകത്തിലെ ഏറ്റവും താഴ്ന്ന റീഡിങ്ങിലേക്ക് താപനില നീങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ചയും ശക്തമാകും. വിർജിനിയ, കെൻറ്റുകി, കാൻസാസ്, മിസൂറി, അർക്കൻസാസ് തുടങ്ങിയ സ്റ്റേറ്റുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയുടെ മധ്യഭാഗത്ത് ആരംഭിച്ച കൊടുങ്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കിഴക്കോട്ട് നീങ്ങും എന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. 60 ദശലക്ഷം ആളുകളെയാണ് അമേരിക്കയിലെ അതിശൈത്യ കാലാവസ്ഥ പ്രതികൂലമായ ബാധിക്കുന്നത്.
വടക്കു കിഴക്കന്‍ കന്‍സാസ് മുതല്‍ വടക്ക് - മധ്യ മിസോറി വരെയുള്ള പ്രദേശങ്ങളില്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, കൊടുങ്കാറ്റ് റോഡുകളില്‍ കാര്യമായ തടസങ്ങള്‍ക്കും അപകടകരമായ അവസ്ഥകള്‍ക്കും കാരണമാകുമെന്നും അതിനാൽ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.
പ്രാദേശിക ഭരണകൂടങ്ങളും ദുരന്ത നിവാരണ സേനയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ അടിയന്തര സഹായം നൽകാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.