പലസ്തീനിലെ ഇസ്രയേല്‍ ആക്രമണങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് പ്രധാന കാരണം
പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുമെന്ന് സൂചന. നാലാഴ്ചകള്‍ക്ക് മുന്‍പ് നടന്ന ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചതിനു പിന്നാലെ പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഒക്ടോബർ ഒന്നിന് 180 ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം.
ഇറാൻ സൈനിക സൈറ്റുകളെ ലക്ഷ്യമാക്കി നിരവധി സ്ട്രൈക്കർ ജെറ്റുകൾ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റർ സ്ഥിരീകരിച്ചു. തെഹ്റാനിലേക്ക് മാത്രം മൂന്ന് തവണ ഇസ്രയേൽ ആക്രമണം നടത്തി. വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങള്‍ പ്രദേശത്തു നിന്നും ഉയർന്നിരുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു. ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായതുമായി ബന്ധപ്പെട്ട ശബ്ദങ്ങളാകാം തെഹ്റാനില്‍ നിന്നും കേട്ടതെന്നായിരുന്നു ഇറാനിയൻ അധികൃതർ പറഞ്ഞിരുന്നത്. ഇസ്രയേൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള ഇൻ്റലിജൻസ് രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇറാനില്‍ ഇസ്രയേല്‍ ലക്ഷ്യംവയ്ക്കുന്നത് എന്തൊക്കെ?
അട്ടിമറികള്‍, സൈബർ ആക്രമണങ്ങള്‍ എന്നിങ്ങനെ ഇറാനെതിരായ പലതരം ആക്രമണങ്ങൾ നടത്തിയതായി ഇതിനു മുന്‍പും ഇസ്രയേൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മറ്റ് പലതരം ആക്രമണങ്ങളുടെ പേരില്‍ ഇറാന്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനു പുറമെ പശ്ചിമേഷ്യയിലെ ശക്തരാരെന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാണ് ഇരു രാജ്യങ്ങളും നടത്തുന്നത്.
ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനേയും തലസ്ഥാനമായ തെഹ്റാനിലെ ആണവ കേന്ദ്രവും ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ പ്രധാനമായി നടക്കുന്നത്. ശനിയാഴ്ച നടന്ന വ്യോമാക്രമണങ്ങളും ഇറാന്‍റെ സൈനിക സംവിധാനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്
രാജ്യാതിർത്തിക്ക് പുറത്ത് റവല്യൂഷണറി ഗാർഡിലെ ഉന്നത അംഗങ്ങളെ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ നിരവധി തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 27ന് ബെയ്റൂട്ടിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളക്കൊപ്പം റവല്യൂഷണറി ഗാർഡിലെ ഒരു ജനറൽ കൊല്ലപ്പെട്ടിരുന്നു. റെവല്യൂഷണറി ഗാർഡിലെ ഉയർന്ന റാങ്കിലുള്ള രണ്ട് പേർ ഉൾപ്പെടെ ഏഴ് അംഗങ്ങൾ 2024 ഏപ്രിൽ 1ന് ഡമാസ്‌കസിലെ ഇറാൻ്റെ കോൺസുലർ അനെക്‌സ് കെട്ടിടത്തിനു നേർക്ക് നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇറാന്‍ ആരോപിച്ചിരുന്നു. നീണ്ട ഒരു പട്ടികയിലെ അവസാനത്തെ കൂട്ടിച്ചേർക്കല്‍ മാത്രമാണിത്.
2023 ഡിസംബറില്‍ സിറിയയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു കമാൻഡർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഒരു കേണല്‍ കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു ഈ ആക്രമണം. മെയ് 2022ല്‍ ഖുദ്സ് സേനാംഗമായ സയ്യദ് ഖോദായിയെ വീട്ടിലേക്ക് പോകും വഴി മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേരാണ് കൊലപ്പെടുത്തിയത്. റവല്യൂഷണറി ഗാർഡുകളുടെ ബാഹ്യ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന വ്യക്തയായിരുന്നു ഖോദായി. കൊലപാതകത്തിനു പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ യുഎസ്സിനോട് സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 2011 നവംബറിൽ തെഹ്‌റാനടുത്തുള്ള ഒരു യുദ്ധോപകരണ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തിലാണ് റവല്യൂണറി ഗാർഡുകളുടെ ആയുധ പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുത്തിരുന്ന ജനറൽ ഹസൻ മൊഗദം കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ യുഎസും ഇസ്രയേലും ആണെന്നായിരുന്നു ഇറാന്‍റെ വാദം.
Also Read: ഇറാന് നേരെ ആക്രമണവുമായി ഇസ്രയേൽ; ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന് ഐഡിഎഫ്
ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍
ഇറാന്‍റെ ആണവ പദ്ധതികളെ തകിടം മറിക്കുന്നതിനായി നിരവധി ഭൗതികശാസ്ത്രജ്ഞരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗം കൊലകളുടെയും ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. നവംബർ 2020ലാണ് ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെ കൊല്ലപ്പെട്ടത്. മരണ ശേഷമാണ് ഫക്രിസാദെയെ ഇറാന്‍ പ്രതിരോധ വകുപ്പിന്‍റെ ഉപമന്ത്രിയായി അവതരിപ്പിച്ചത്.
നതാൻസ് ആണവ സൈറ്റിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ മൊസ്തഫ അഹമ്മദി റോഷൻ, ഇറാൻ്റെ ആണവ സൊസൈറ്റി സ്ഥാപകൻ മജിദ് ഷഹ്രിയാരി, കണികാ സിദ്ധാന്തത്തെ മുന്‍ നിർത്തി ഗവേഷണങ്ങള്‍ നടത്തിയിരുന്ന ഭൗതിക ശാസ്ത്ര പ്രൊഫസർ മസൂദ് അലി മുഹമ്മദി എന്നിവരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രമുഖർ. ഇറാന്‍റെ ആണവ പദ്ധതികള്‍ ഇവരുടെ നേതൃത്വത്തില്‍ പുതിയ ദിശാ ബോധം കണ്ടെത്തുമെന്ന ഭയമാണ് ഇസ്രയേലിനെ ഇത്തരം കൊലപാതകങ്ങളിലേക്ക് നയിച്ചത്. ശത്രുപക്ഷത്ത് നില്‍ക്കുന്ന രാജ്യം എന്ന നിലയ്ക്ക് ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് ഇസ്രയേലിന് ഭീഷണിയാണ്.
ഇറാൻ്റെ ആണവനിലയങ്ങൾ, പ്രധാനമായും തെഹ്‌റാൻ്റെ തെക്ക് ഭാഗത്തുള്ള നതാൻസ് കോംപ്ലക്‌സ് അട്ടിമറിക്ക് പിന്നിലും ഇസ്രയേലാണെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇറാൻ്റെ ആണവോർജ ഏജൻസിയുടെ കണക്കുകള്‍ പ്രകാരം, 2021 ഏപ്രിൽ 11ന് സൈറ്റിൽ ഒരു ചെറിയ സ്ഫോടനം ഉണ്ടായി. യുറേനിയം സമ്പുഷ്ടീകരണ സെൻട്രിഫ്യൂജുകളിലേക്ക് വിതരണം ചെയ്യുന്ന ആന്തരിക വൈദ്യുതി സംവിധാനത്തില്‍ ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു. ഇതില്‍ ഇസ്രയേലിനു പങ്കുള്ളതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 2020 ജൂലൈയിൽ മറ്റൊരു 'അപകടവും' നതാൻസിനെ സാരമായി ബാധിച്ചു. ഇത് അട്ടിമറിയാണെന്നായിരുന്നു ഇറാൻ്റെ ആണവ ഏജൻസിയുടെ ആരോപണം.
2010 സെപ്റ്റംബറിൽ, സ്റ്റക്സ്നെറ്റ് വൈറസ് ഉപയോഗിച്ചുള്ള സൈബർ ആക്രമണവും നതാൻസിലെ സമ്പുഷ്ടീകരണ സെൻട്രിഫ്യൂജുകളെ ബാധിച്ചിരുന്നു. ഇസ്രയേലിന്‍റെ ഇന്‍ഫർമേഷന്‍ സെക്യൂരിറ്റി വിദഗ്ധർ ഇതില്‍ ഇസ്രയേലിനും യുഎസിനും നേരെയാണ് വിരല്‍ ചൂണ്ടിയത്.
Also Read: ഇസ്രയേല്‍ വെടിനിർത്തല്‍ അംഗീകരിച്ചാല്‍ ഗാസയില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ്; മധ്യസ്ഥ ചർച്ചകള്‍ക്ക് കളമൊരുക്കി ഈജിപ്ത്
ഇറാനെ പിന്തുണയ്ക്കുന്നവർ
പശ്ചിമേഷ്യയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന വിവിധ സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാന്‍. അതുകൊണ്ടുതന്നെ ഹമാസ്, ഹിസ്ബുള്ള നേതാക്കള്‍ അഭയസ്ഥാനമായി കണ്ടിരുന്നതും ഇറാനെയാണ്. എന്നാല്‍ ഇറാന്‍ എല്ലായ്‌പ്പോഴും സുരക്ഷിതമായ അഭയ കേന്ദ്രമല്ലെന്ന് ഈ സഖ്യകക്ഷികള്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്.
ഹമാസിൻ്റെ രാഷ്ട്രീയ തലവൻ ഇസ്മയിൽ ഹാനിയയെ ജൂലൈ 31ന് ഇറാൻ്റെ തലസ്ഥാനത്ത് വെച്ചാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാന്‍ തെഹ്‌റാനിലെത്തിയതായിരുന്നു ഹാനിയ. ഇത് വലിയ തോതില്‍ ഇറാനെ പ്രകോപിപ്പിച്ചിരുന്നു. പശ്ചിമേഷ്യ ഒരു പ്രത്യക്ഷ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചന പോലും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇറാന്‍ തൊടുത്ത ഭൂരിപക്ഷം മിസൈലുകളും ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം നിഷ്പ്രഭമാക്കി.
ഇറാനിയൻ പെട്രോൾ
2019ൽ ഇറാനില്‍ നിന്നും സിറിയയിലേക്ക് പെട്രോളും കൊണ്ട് പോയ നിരവധി കപ്പലുകളെ ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നതായി യുഎസ്, മിഡിൽ ഈസ്റ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനായി ഇസ്രയേല്‍ വെള്ളത്തിനടിയിലുള്ള മൈനുകൾ വിന്യസിച്ചിരുന്നതായാണ് റിപ്പോർട്ട്. 2021 വരെ ഇസ്രയേലും ഇറാനും പരസ്പരം ഇത്തരം നാവിക അട്ടിമറികള്‍ ആരോപിച്ചിരുന്നു.