പ്രത്യേക ലോക് അദാലത്തിന്‍റെ അനുസ്മരണ വേദിയില്‍ ബദല്‍ പ്രശ്‌ന പരിഹാര സംവിധാനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്
ഡി.വൈ. ചന്ദ്രചൂഡ്
കോടതി വ്യവഹാരങ്ങളില്‍ സാധാരണക്കാര്‍ നിരാശരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പ്രത്യേക ലോക് അദാലത്തിന്‍റെ അനുസ്മരണ വേദിയില്‍ ബദല്‍ പ്രശ്‌ന പരിഹാര സംവിധാനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ജുഡീഷ്യല്‍ വ്യവഹാരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് ശിക്ഷ പോലെ ആയിത്തീര്‍ന്നിരിക്കുന്നു. മടുപ്പിക്കുന്ന വ്യവഹാരങ്ങള്‍ ഒഴുവാക്കാനാണ് അവര്‍ നിയമപരമായ അവകാശങ്ങള്‍ക്ക് വെളിയിലുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതെന്നും ചന്ദ്രചൂഡ് പറഞ്ഞു. പ്രത്യേക ലോക് അദാലത്ത് വഴി തീര്‍പ്പാക്കിയ നിരവധി കേസുകളെപ്പറ്റി ചീഫ് ജസ്റ്റിസ് സംസാരിച്ചു.
"കോടതി വ്യവഹാരങ്ങള്‍ ജനങ്ങളെ നിരാശരാക്കിയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ ഒത്തുതീര്‍പ്പുകളാണ് ആവശ്യം. ഇത് നമ്മള്‍ ജഡ്ജിമാരുടെ പ്രശ്‌നം കൊണ്ടാണെന്നാണ് കരുതുന്നത്. എന്നാല്‍ ആ പ്രക്രിയയാണ് ശിക്ഷയാവുന്നത്. അത് എല്ലാ ജഡ്ജിമാരെയും ആകുലപ്പെടുത്തുന്ന കാര്യമാണ്", ചന്ദ്രചൂഡ് പറഞ്ഞു.
ലോക് അദാലത്ത് വഴി നീതി ഉറപ്പാക്കുന്ന പ്രക്രിയ സ്ഥാപനവത്കരിക്കേണ്ടതിന്‍റെ ആവശ്യകതയും ജസ്റ്റിസിന്‍റെ പ്രസംഗ വിഷയമായി. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും പരിപാടിയില്‍ പങ്കെടുത്തു. മധ്യസ്ഥ ചര്‍ച്ചകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ കാഴ്ചപ്പാട്. മഹാഭാരതത്തില്‍ കൗരവ-പാണ്ഡവ യുദ്ധത്തില്‍ കൃഷ്ണന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെന്ന് മേഘ്‌വാള്‍ പറഞ്ഞു.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് സുപ്രീം കോടതി പ്രത്യേക ലോക് അദാലത്ത് വാരം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി, എല്ലാ ദിവസവും ഉച്ച തിരിഞ്ഞ് കേസുകള്‍ തീര്‍പ്പാക്കും. ലോക് അദാലത്ത് നീതിന്യായ വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. ന്യായമായ ഒത്തുതീര്‍പ്പുകളിലൂടെ തര്‍ക്കങ്ങള്‍ വേഗത്തിലും സുഗമമായും നടത്താനുള്ള ബദല്‍ സംവിധാനമാണിത്. സുപ്രീം കോടതി കണക്കുകള്‍ പ്രകാരം പ്രത്യേക ലോക് അദാലത്തിനായി 14,045 കേസുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അദാലത്തില്‍ ലിസ്റ്റ് ചെയ്ത 4,883 കേസുകളില്‍ 920 എണ്ണം പരിഹരിക്കപ്പെട്ടിട്ടുണ്ട്.