കോവിഡ് വ്യാപനം രൂക്ഷമായ 2020 മെയ് മാസം മുതലാണ് എറണാകുളം ഇടക്കൊച്ചി ആൽഫ പാസ്റ്റർ സെന്റർ, ക്വാറന്റൈൻ കേന്ദ്രമായി സർക്കാർ ഏറ്റെടുത്തത്.
കോവിഡ് കാലത്ത് ക്വാറന്റൈൻ സെന്ററായി പ്രവർത്തിച്ച കെട്ടിടത്തിന് ഒന്നര ലക്ഷം രൂപയുടെ ബിൽ നൽകി വൈദ്യുത, ജലവിതരണ വകുപ്പുകൾ. കൊച്ചിയിലെ ആൽഫ പാസ്റ്ററൽ സെന്ററിനാണ് ഒന്നര ലക്ഷം രൂപയുടെ ബിൽ വന്നത്. സർക്കാർ ബിൽ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബില്ലടയ്ക്കാത്തതിനാൽ കുടിശ്ശിക സഹിതമാണ് ഇപ്പോൾ ബിൽ ലഭിച്ചത്.
ലോകത്തെ മരണഭയത്തിൽ അടച്ചിട്ട കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും സർക്കാരിനൊപ്പം കൈകോർത്ത സ്വകാര്യ സ്ഥാപനത്തിനാണ് സർക്കാരിന്റെ ഇരുട്ടടി. ചികിത്സ സമയത്ത്തത് വൈദ്യുതിയും, വെള്ളവും ഉപയോഗിച്ചതിനാണ് കുടിശ്ശിക സഹിതം ബില്ലടയ്ക്കാൻ നിർദേശം.
കോവിഡ് വ്യാപനം രൂക്ഷമായ 2020 മെയ് മാസം മുതലാണ് എറണാകുളം ഇടക്കൊച്ചി ആൽഫ പാസ്റ്റർ സെന്റർ, ക്വാറന്റൈൻ കേന്ദ്രമായി സർക്കാർ ഏറ്റെടുത്തത്. ഇവിടെയെത്തിയ രോഗികൾക്കുള്ള ഭക്ഷണവും മരുന്നും എല്ലാം നൽകിയതും സർക്കാർ തന്നെ. ക്വാറന്റൈൻ കാലത്തെ ഇവിടുത്തെ കറന്റ് ബില്ലും വാട്ടർ ബില്ലുമെല്ലാം സർക്കാർ അടയ്ക്കുമെന്നും ഉറപ്പ് നൽകി. എന്നാലിന്നുവരെയുള്ള ഒരു ബില്ലും അടച്ചില്ലെന്നു മാത്രമല്ല, സർക്കാരിനെ വിശ്വസിച്ചിരുന്ന സ്ഥാപന അധികാരികൾക്ക് നാലു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കുടിശികയടക്കം ഭീമമായ തുക ബിൽ നൽകിയിരിക്കുകയാണ്.
ആൽഫ പാസ്റ്റർ സെന്ററിലെ രണ്ട് കെട്ടിടങ്ങളിലുമായി ഇലക്ട്രിസിറ്റി ബിൽ ഇനത്തിൽ മാത്രം ആകെ 1,07,670 രൂപ കുടിശ്ശികയുണ്ട്. രണ്ടു ബില്ലുകൾക്കുമായി 38,000 രൂപയോളം പലിശയും. ഡിസംബർ 26 ന് അകം ബിൽ തുക അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്ഇബിയിൽ നിന്ന് അവസാനമായി അറിയിപ്പും ലഭിച്ചു.
ബില്ലടക്കാത്തതിനെത്തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഡിസ്കണക്ഷനായി എത്തിയെങ്കിലും,കാര്യങ്ങൾ വ്യക്തമാക്കിയതോടെ മറ്റൊരു അവധി നൽകി മടങ്ങിപ്പോയി. വൈദ്യുത ബില്ലിന് പുറമെ വാട്ടർ അതോറിറ്റിയിൽ നിന്ന് 72,000 രൂപയുടെ ബില്ലും ലഭിച്ചിട്ടുണ്ട്. പലതവണ വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല.
ജില്ലാ കളക്ട്രേറ്റിലെ ദുരന്ത നിവാരണ വകുപ്പിൽ ഇതുപോലെയുള്ള നിരവധി പരാതികൾ കെട്ടിക്കിടക്കുന്നതായാണ് വിവരം. പഞ്ചായത്ത് സെക്രെട്ടറി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവയാണ് റിപ്പോർട്ടുകളാക്കി മടക്കി, വെളിച്ചം കാണാതെ സൂക്ഷിച്ചിരിക്കുന്നത്.