വീഡിയോ ചിത്രീകരിച്ചത് അധ്യാപകനാണെന്നും പ്രചരിപ്പിച്ചതിൽ പങ്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി
പാലക്കാട് ആനക്കരയിൽ അധ്യാപകനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദ്യാർഥിയുടെ മാപ്പ് സ്വീകരിച്ച് സ്കൂൾ അധികൃതർ. വിദ്യാർഥിയെ ചേർത്ത് നിർത്തുമെന്നും കൗൺസലിങ് നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വീഡിയോ ചിത്രീകരിച്ചത് അധ്യാപകനാണെന്നും പ്രചരിപ്പിച്ചതിൽ പങ്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
സംഭവത്തിൽ മാപ്പ് പറഞ്ഞ വിദ്യാർഥിയ്ക്കെതിരെ കൂടുതൽ നടപടി ഉണ്ടാകില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാർഥിയുടെ അസാധാരണ പ്രകടനം കണ്ടാണ് വീഡിയോ എടുത്തത്. വീഡിയോ രക്ഷിതാവിനെ അറിയിക്കാനായി സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയ്ക്കും തൃത്താല പൊലീസിനുമാണ് നൽകിയത്. സ്കൂളിൽ നിന്ന് വീഡിയോ ചോർന്നിട്ടില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
അതേസമയം, വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടറും സ്കൂൾ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷനും പരിശോധിച്ച് നടപടിയെടുക്കും. വീഡിയോ പ്രചരിച്ചതിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.