പി.കെ. ശശിയുടെ കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
കഞ്ചിക്കോട്ടെ മദ്യ നിർമാണശാലയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. വെള്ളംമുട്ടുമെന്ന് ചിലർ ആവ൪ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ്. അംഗങ്ങൾക്ക് ആശങ്ക വേണ്ട. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്റെ മറുപടി.
പി.കെ. ശശിയുടെ കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യത്തിലാണ് എം.വി. ഗോവിന്ദന്റെ മറുപടി. സമയാസമയങ്ങളിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ബ്രൂവറി വിവാദം: പദ്ധതി പിൻവലിക്കണം, മദ്യ നിർമാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലന്റെ വിവാദ പ്രസ്താവനകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. സന്ദീപ് വാര്യർ, ബിജെപിയുമായി ഭിന്നതയിൽ നിൽക്കുമ്പോൾ പുകഴ്ത്തിയതും, പാർട്ടിയിലേക്ക് വന്നാൽ ക്രിസ്റ്റൽ ക്ലിയറുള്ള സഖാവാകുമെന്ന പ്രസ്താവനയും ശരിയായില്ല എന്നാണ് വിമർശനം. ഒടുവിൽ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയപ്പോൾ പരിഹാസ്യമായി എന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
വെള്ളം തിളയ്ക്കുന്നതിന് മുൻപ് അരിയിട്ട പോലെയാണ് എ.കെ. ബാലന്റെ പ്രസ്താവനയെന്നും അംഗങ്ങൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മരപ്പട്ടി, ഈനാംപേച്ചി പ്രസ്താവനയും പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു.
അതേസമയം, ഇ.പി. ജയരാജന്റെ വിവാദങ്ങളിൽ പാർട്ടി കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജയരാജന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനമുയർന്നിരുന്നു. ഇതിലാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം.