fbwpx
ഇന്ത്യന്‍ പൗരനായ സെയ്ഫ് അലി ഖാന്റെ 15,000 കോടിയോളം വരുന്ന കുടുംബ സ്വത്ത് എങ്ങനെ ശത്രു സ്വത്തായി?
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Jan, 2025 09:36 PM

2014 ലാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കള്‍ ശത്രു സ്വത്തായി കസ്‌റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി വകുപ്പ് പ്രഖ്യാപിക്കുന്നത്.

NATIONAL


ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ കുടുംബത്തിന്റെ കൈവശമുള്ള 15,000 കോടിയോളം വരുന്ന സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ളത് ശത്രു സ്വത്താണെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദത്തിനെതിരെ സെയ്ഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് വിവേക് അഗര്‍വാള്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. 1968 ലെ എനിമി പ്രോപ്പര്‍ട്ടീസ് ആക്ട് അനുസരിച്ചാണ് ഉത്തരവ്. സെയ്ഫിന്റെ ബാല്യകാല വസതി, ഫ്‌ളാഗ് സ്റ്റാഫ് ഹൗസ്, നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ദാര്‍-ഉസ്-സലാം, ഹബീബി ബംഗ്ലാവ്, അഹമ്മദാബാദ് കൊട്ടാരം തുടങ്ങിയവയാണ് പട്ടൗഡി കുടുംബത്തിന് നഷ്ടമാകുക.

എന്താണ് ശത്രു സ്വത്ത്?

1968 ലെ ശത്രു സ്വത്ത് നിയമപ്രകാരം, പാകിസ്ഥാന്‍, ചൈനീസ് പൗരത്വം സ്വീകരിച്ച ആളുകള്‍ ഇന്ത്യയില്‍ ഉപേക്ഷിച്ച സ്വത്തുക്കള്‍ 'ശത്രു സ്വത്തായി' കണക്കാക്കപ്പെടുന്നു. 1965 ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം, അത്തരം സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിനും കസ്റ്റോഡിയന്റെ അധികാരങ്ങള്‍ പട്ടികപ്പെടുത്തുന്നതിനുമായി 1968 ലാണ് ശത്രു സ്വത്ത് നിയമം നടപ്പിലാക്കുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോയവര്‍ ഉപേക്ഷിച്ച സ്വത്തിനും ഈ നിയമം ബാധകമാണ്.


Also Read: സെയ്ഫ് അലി ഖാന്റെ ഹര്‍ജി തള്ളി; പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി വരുന്ന സ്വത്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും


ഒരു ശത്രുവിന്റെയോ, ശത്രു സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതോ, കൈവശം വച്ചിരിക്കുന്നതോ, കൈകാര്യം ചെയ്യുന്നതോ ആയ ഏതെങ്കിലും സ്വത്ത് എന്നാണ് ശത്രു സ്വത്ത് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 1968ലെ ശത്രു സ്വത്ത് നിയമം ഇന്ത്യക്കെതിരെ ബാഹ്യ ആക്രമണം നടത്തുന്ന രാജ്യവും അവിടുത്തെ പൗരന്മാരും എന്നതാണ് ശത്രു എന്ന നിര്‍വചനത്തില്‍ പെടുന്നത്.

വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഈ നിയമം അനുവദിക്കുന്നു. ഈ വ്യക്തികളുടെ സ്വത്ത് കസ്റ്റോഡിയന്‍ ഫോര്‍ എനിമി പ്രോപ്പര്‍ട്ടി എന്ന വകുപ്പിലേക്ക് മാറ്റപ്പെടും.

2017 ല്‍ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ശത്രുവിന്റെയോ, ശത്രു രാജ്യത്തിന്റെയോ ശത്രു സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതോ, കൈവശം വച്ചിരിക്കുന്നതോ, കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു സ്വത്തിനെയും ശത്രു സ്വത്ത് എന്ന് വിളിക്കുമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. അവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കുന്നതിനുള്ള അവകാശം ഇല്ലാതാക്കി എന്നതാണ് ഭേദഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരം സ്വത്ത് കസ്‌റ്റോഡിയനില്‍ നിക്ഷിപ്തമായിരിക്കും. അവകാശികള്‍ക്കോ നിയമപരമായ പ്രതിനിധികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇത് ലഭിക്കില്ല.

2024 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ആകെ 1 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ശത്രു സ്വത്തുക്കള്‍ വരും.


ഭോപ്പാല്‍ നവാബായിരുന്ന നവാബ് ഹമീദുള്ള ഖാന്റെ മൂത്ത മകള്‍ ആബിദ സുല്‍ത്താന്‍ 1950 ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. ഇതേ തുടര്‍ന്ന് ആബിദ സുല്‍ത്താന്റെ കുടുംബത്തിന്റെ സ്വത്തുക്കള്‍ ശത്രു സ്വത്തായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആബിദയുടെ സഹോദരി സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. നവാബ് ഇഫ്തികാര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം ചെയ്തു. ഇതോടെ സ്വത്തിന്റെ നിയമപരമായ അവകാശിയായി മാറി. സാജിദ സുല്‍ത്താന്റെ പേരക്കുട്ടിയാണ് ബോളിവുഡ് നടനായ സെയ്ഫ് അലി ഖാന്‍. പരമ്പരാഗതമായ സ്വത്തിന്റെ ഒരു അവകാശിയായി സെയ്ഫ് മാറി. സാജിദ സുല്‍ത്താനെ നിയമപരമായ അവകാശിയായി അംഗീകരിച്ചിട്ടും, ആബിദ സുല്‍ത്താന്റെ പാകിസ്ഥാനിലേക്കുള്ള കുടിയേറ്റത്തെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ സ്വത്തുക്കളെ 'ശത്രു സ്വത്ത്' എന്ന് തരംതിരിച്ചത്.

നിയമ പോരാട്ടം

2014 ലാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കള്‍ ശത്രു സ്വത്തായി കസ്‌റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി വകുപ്പ് പ്രഖ്യാപിക്കുന്നത്. 2016 ല്‍ ശത്രു സ്വത്തുക്കളില്‍ അവകാശികള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇത് പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള നിയമപരമായ തര്‍ക്കം രൂക്ഷമാക്കി. സാജിദ സുല്‍ത്താന്‍ നിയമപരമായി അവകാശിയായി അംഗീകരിക്കപ്പെട്ടെങ്കിലും സമീപകാല കോടതി വിധികള്‍ ഉള്‍പ്പെടെയുള്ള നിയമപോരാട്ടം കുടുംബത്തിന്റെ സ്വത്തുക്കളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. 2011 ല്‍ പിതാവ് മന്‍സൂര്‍ അലി ഖാന്റെ മരണത്തോടെ സെയ്ഫ് അലി ഖാനാണ് ഭോപ്പാല്‍ കൊഹെഫിസ പ്രദേശത്തുള്ള അഹമ്മദാബാദ് കൊട്ടരത്തിന് സമീപമുള്ള പട്ടൗഡി ഫ്‌ളാഗ് ഹൗസിന്റെ അവകാശി. പട്ടൗഡി കുടുംബ പരമ്പരയിലെ ഇപ്പോഴത്തെ അനന്തരാവകാശിയും സെയ്ഫ് അലിഖാനാണ്.

2015 ല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെയ്ഫ് അലിഖാന്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് ഈ നീക്കത്തിനെതിരെ സ്റ്റേ നേടിയിരുന്നു. 1968 - ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് സ്വത്ത് ഏറ്റെടുക്കാനുള്ള നീക്കം മധ്യപ്രദേശ് സര്‍ക്കാര്‍ വീണ്ടും തുടങ്ങിയത്. സെയ്ഫിന്റെ അപ്പീലിന്മേലുള്ള സ്റ്റേ, ഹൈക്കോടതി നീക്കിയതും നടപടികള്‍ എളുപ്പത്തിലാക്കി. 72 വര്‍ഷമായുള്ള ഈ സ്വത്ത് തര്‍ക്കത്തിലെ നിയമവശം പരിശോധിച്ചു വരികയാണെന്ന് ഭോപ്പാല്‍ കളക്ടര്‍ കൗശലേന്ദ്ര വിക്രംസിങ് പറഞ്ഞു. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടങ്ങളില്‍ പാട്ടത്തിനും മറ്റും താമസിക്കുന്ന 1.5 ലക്ഷത്തോളം കുടുംബങ്ങളെ സര്‍ക്കാര്‍ തീരുമാനം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

KERALA
പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയില്‍
Also Read
user
Share This

Popular

CRICKET
KERALA
India vs England 1st T20I | ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; റെക്കോര്‍ഡ് നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്