ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു
സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെയുള്ള മത്സര തീരുമാനങ്ങളിൽ അയവ് വരുത്തി സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് നേതൃത്വം നിലപാട് വിശദീകരിച്ചത്. പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാമെന്നും, എന്നാൽ ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
നേരത്തെ പാനലിനെതിരെ സിപിഐ മത്സരവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയിലാണ് നിലപാടുകളിൽ പാർട്ടി അയവുവരുത്തിയത്. ചേരിതിരിഞ്ഞ് മത്സരിക്കാൻ ഇറങ്ങിയാൽ സമ്മേളന നിർത്തിവെച്ച് സമവായം തേടണമെന്നും നേതൃത്വം വിശദീകരിച്ചു.
അസിസ്റ്റൻസ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ ആണ് പാർട്ടി തീരുമാനം വിശദീകരിച്ചത്. ഇന്നത്തെ സംസ്ഥാന കൗൺസിലിലും നിലപാട് വിശദീകരിക്കും. ലോക്കൽ സമ്മേളനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ജില്ലാ സമ്മേളനത്തിലും ഇത് ആവർത്തിക്കാതിരിക്കാനാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.