നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു സിപിഎം ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണപ്പെടുത്തിയത്
പത്തനംതിട്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ. നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റ ആവശ്യം.
നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു സിപിഎം ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണപ്പെടുത്തിയത്. ഓഫീസിൽ കയറി വെട്ടും എന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പൊലീസിന് കൈമാറിയിരുന്നു.
അതേസമയം, നാരങ്ങാനം വില്ലേജ് ഓഫീസർ വകുപ്പുതല നടപടി നേരിട്ട ആളാണ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. അഴിമതിക്കാരനാണോ എന്നറിയാൻ അന്വേഷണം പൂർത്തിയാകണം. അങ്ങാടിക്കൽ വില്ലേജ് ഓഫീസർ ആയിരിക്കെയാണ് സസ്പെൻഷൻ നേരിട്ടത്. വില്ലേജ് ഓഫീസർ ഇപ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ അവധി അനുവദിച്ചു. സ്ഥലംമാറ്റ നടപടിയിൽ തീരുമാനമെടുക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.