പ്രധാനമന്ത്രി മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞ് വിരമിക്കൽ പ്രഖ്യാപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് വിരമിക്കൽ സന്നദ്ധത അറിയിക്കാനെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാക്കുന്ന മോദി വിരമിക്കൽ ചർച്ച ചെയ്യാനാണ് ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. പദവിയിലെത്തി 11 വർഷങ്ങൾക്ക് ശേഷമാണ് മോദി നാഗ്പൂരിലെ ആസ്ഥാനത്ത് എത്തിയത്. ആർ.എസ്.എസ് നേതൃമാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞ് വിരമിക്കൽ പ്രഖ്യാപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ALSO READ: ഛത്തീസ്ഗഡ് മാവോയിസ്റ്റ് വേട്ട: 25 ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയെ ആർ.എസ്.എസ് തീരുമാനിക്കും, അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ളയാളായിരിക്കും. അതുകൊണ്ടാണ് ഒരു യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ മോദിയെ നാഗ്പൂരിലേക്ക് വിളിപ്പിച്ചത്," സഞ്ജയ് റാവത്ത് പറഞ്ഞു. സഞ്ജയ് റാവത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തി. എന്നാൽ, അദ്ദേഹത്തിന്റെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണ്, അദ്ദേഹം തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത്. നാഗ്പൂരിലെ ആർഎസ്‌എസ് ആസ്ഥാനം സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി.