പൊതു ചർച്ചയിൽ ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തെ പ്രശംസിച്ചു
കേന്ദ്ര കമ്മിറ്റി പരാജയമെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ വിമർശനം. കേരള സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കാൻ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നാണ് വിമർശനം. ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. പൊതു ചർച്ചയിൽ പ്രതിനിധികൾ കേരളത്തെ പ്രശംസിച്ചു.
Also Read: പ്രായപരിധി ചട്ടത്തെ തുടർന്ന് ഒഴിവാകുന്നവരോട് അവഗണന അരുത്; സിപിഐഎം സംഘടനാ റിപ്പോർട്ട്
പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്നാണ് പറയുന്നതെന്നും എന്നാൽ കേരളത്തിൻ്റെ നേട്ടങ്ങൾ പുറത്തറിയുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു. നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തിക്കാൻ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പൊതു ചർച്ചയിൽ ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തെ പ്രശംസിച്ചു. തുടർച്ചയായി ഭരണം നേടിയത് കേരളത്തിലെ പാർട്ടിയുടെ വിജയമാണെന്നായിരുന്നു പ്രശംസ. പാർട്ടിയിലെ സ്ത്രീ പങ്കാളിത്തത്തെപ്പറ്റിയും ചർച്ചയുണ്ടായി. സ്ത്രീ പങ്കാളിത്തം പാർട്ടിയിൽ കൂടുതൽ ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയിൽ നിന്നുള്ള പ്രതിനിധികൾ നിരീക്ഷിച്ചു. തെലങ്കാനയിൽ സഹകരണം പോരെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് സമയത്ത് സിപിഐയുടെ സഹകരണം ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. ഇടത് പാർട്ടികളുടെ ഐക്യത്തിനുവേണ്ടി തെലങ്കാനയിൽ ശ്രമം തുടരുന്നു. സിപിഐയുമായി രണ്ടുതവണ ചർച്ച നടത്തി. ഇടതുമുന്നണി രൂപീകരണ നീക്കം പൂർണ വിജയത്തിൽ എത്തിയില്ലെന്നും തെലങ്കാനയിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. ഇതിന് രണ്ട് പാർട്ടികളുടെ ദേശീയ ജനറൽ സെക്രട്ടറിമാർ ഇടപെടണമെന്നും പ്രതിനിധികൾ അറിയിച്ചു.
അതേസമയം, സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ പാർട്ടി കോൺഗ്രസിൽ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. നിബന്ധന പിൻവലിക്കണമെന്ന് വിവിധ സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെട്ടു. പ്രായ പരിധിക്ക് പകരം പ്രവർത്തന ക്ഷമത പരിഗണിക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു. കേരള ഘടകത്തിൻ്റെ ഗ്രൂപ്പ് ചർച്ചയിൽ നാല് പ്രതിനിധികളാണ് പ്രായപരിധിയെ കുറിച്ചുള്ള നിബന്ധനയെ എതിർത്തത്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ പ്രവര്‍ത്തന മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ട്. ഇത് തിരുത്തണമെന്നും സംഘടനാ റിപ്പോർട്ടിൽ പരാമർശം ഉണ്ട്.