വീണയുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്നും വി.ഡി. സതീശൻ പ്രതികരിച്ചു
മാസപ്പടിക്കേസിൽ വീണ തൈക്കണ്ടിയിലിനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം തുടർന്ന് പ്രതിപക്ഷം. വീണയുടേത് രാഷ്ട്രീയ കേസല്ല, മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല, കള്ളപ്പണവുമായി ബന്ധപ്പെട്ട കേസാണ്. വീണയുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
വീണ പറഞ്ഞത് കേട്ടാണ് എസ്എഫ്ഐഒ പ്രതി ചേർത്തത്. പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പെട്ടപ്പോൾ എടുത്ത നിലപാടല്ലല്ലോ ഇത്, പിണറായിയോടും കോടിയേരിയോടും എന്താണ് സിപിഎമ്മിന് ഇരട്ടത്താപ്പ്? പിണറായി വിജയൻ അധികാരത്തിലിരിക്കുന്നത് കൊണ്ടാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
അഴിമതിപ്പണം എത്തിചേർന്നത് പിണറായി വിജയനിലേക്കെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. SFIO കണ്ടെത്തലുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണ്. സേവനം നൽകാതെ പണം കൈപറ്റിയെന്നാണ് കണ്ടെത്തൽ. അത് ഏറ്റവും ഗുരുതരമായ കണ്ടെത്തലാണ്. ഇങ്ങനെ ലഭിച്ച പണം മുഖ്യമന്ത്രിയിലേക്കാണ് എത്തിച്ചേർന്നതെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
എസ്എഫ്‌ഐഒ അന്വേഷണം സര്‍ക്കാരും സിപിഎമ്മും തടയരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽഎ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണ്, നിയമപരമായി നേരിടുന്നതാണ് ശരിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ അതിവിദൂരമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിച്ചു. എസ്എഫ്ഐഒ നടപടി വന്നതോടെ ഡൽഹി ഹൈക്കോടതിയിലെ കേസ് കാലഹരണപ്പെട്ടു. മാസപ്പടി കേസ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിൽ സുതാര്യമായ നിലപാട് എന്ന് സിപിഎം അന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎമ്മിന്റെ അടിവേര് ഇളകും. വിജിലൻസ് അന്വേഷണം തള്ളിയെങ്കിലും പോരാട്ടവുമായി മുമ്പോട്ടുപോകും. കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കരിമണൽ കമ്പനിക്ക് സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണ് പണം നൽകിയതെന്ന് കമ്പനി തന്നെ വിശദീകരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന സംരംഭം ആണെന്ന് കമ്പനി പറയുന്നുണ്ട്. പല വിധത്തിൽ ഉള്ള ഭീഷണികളെ അതിജീവിക്കാൻ ആണ് സഹായം തേടിയത്. ആലപ്പുഴയിൽ ഇന്നും കർത്തയുടെ പേരിൽ അനധികൃത ഭൂമി ഉണ്ട്. തോട്ടപ്പള്ളിയില് ഭൂപരിധി ചട്ടം ലംഘിച്ച് ആണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതെല്ലാം സർക്കാർ ചെയ്ത വഴിവിട്ട സഹായം. ആരോടാണ് നിയമ പോരാട്ടം നടത്തുന്നത് എന്ന ഉത്തമ ബോധ്യം ഉണ്ട്. പോരാട്ടം തുടരും എന്നും മാത്യു കുഴൽനാടൻ അറിയിച്ചു.
അതേസമയം കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതി ചേർത്തതിൽ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് സിപിഐഎം. പിന്നിൽ മഴവിൽ സഖ്യത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയോ സർക്കാരോ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു.