ചരിത്രം വളച്ചൊടിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും മേജർ രവി പ്രതികരിച്ചു
എമ്പുരാൻ വിവാദത്തിൽ പൊട്ടിത്തെറിച്ച് സംവിധായകൻ മേജർ രവി. എമ്പുരാൻ ദേശവിരുദ്ധ ചിത്രമാണ്. എമ്പുരാനിൽ ദേശവിരുദ്ധതയാണ്. ചിത്രത്തിൻ്റെ തിരക്കഥയിൽ തിരുത്ത് വരുത്തിയിട്ടുണ്ട്. മോഹൻലാൽ പ്രിവ്യൂ കണ്ടിട്ടില്ല. ചരിത്രം വളച്ചൊടിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും മേജർ രവി പ്രതികരിച്ചു.
മല്ലികാ സുകുമാരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച മേജർ രവി, ചിത്രം നല്ലതല്ലെന്ന് പറഞ്ഞിട്ടില്ല എന്നും, ടെക്നിക്കലി എമ്പുരാൻ മികച്ച സിനിമയാണെന്നും പ്രതികരിച്ചു. ചിത്രത്തിൽ ദേശവിരുദ്ധതയുണ്ട് എന്ന് ആദ്യം പറയാതിരുന്നത് താനായിട്ട് നെഗറ്റിവിറ്റി പ്രചരിപ്പിക്കാതിരിക്കാനാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ്റെ ഫേസ്ബുക്ക് പേജിൽ വന്ന വിമർശനത്തിൽ അതിന് ഡ്രാഫ്റ്റ് എഴുതിക്കൊടുത്തത് ആരാണെന്ന് അറിയാമെന്നും, മോഹൻലാലിൻ്റെ കൂടെ നടക്കുന്ന 'ഒരുത്ത'നാണെന്നും മേജർ രവി പ്രതികരിച്ചു.
എമ്പുരാന്‍ വിവാദത്തില്‍ മോഹൻലാൽ ചിത്രം നേരത്തെ കണ്ടിരുന്നില്ലെന്ന് മേജർ രവി പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലായിരുന്നു പറഞ്ഞത്. ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
എന്നാൽ, പ്രസ്താവനയ്ക്ക് പിന്നാലെ മല്ലികാ സുകുമാരൻ അടക്കമുള്ളവർ മേജർ രവിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. "അത് വേണ്ടായിരുന്നു മേജർ രവി" എന്നാണ് തനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടുന്ന മറ്റ് പലരോടും പറയാനുള്ളതെന്നും മല്ലികാ സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് കാണിച്ച ചില ദൃശ്യങ്ങളില്‍ പ്രകോപിതരായി സംഘപരിവാര്‍ സംഘടനകളും ബിജെപിയുമുള്‍പ്പെടെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നിന്ന് രണ്ട് മിനുട്ട് വരുന്ന ഭാഗം ഒഴിവാക്കിയതടക്കം 24 കട്ടുകളാണ് റീ സെന്‍സറിങ്ങില്‍ ചെയ്തത്.