fbwpx
സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്; പ്രകടിപ്പിക്കുന്നത് നടന കലയിലെ വൈഭവമായിരിക്കാം: ജോണ്‍ ബ്രിട്ടാസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 04:42 PM

'ഉത്തരേന്ത്യയില്‍ പള്ളികള്‍ ആക്രമിക്കുമ്പോള്‍ ഇവിടെ അരമന കയറി കേക്ക് വിതരണം ചെയ്യണമെങ്കില്‍ അത് മുന്നമാര്‍ക്കും ജൂദാസുമാര്‍ക്കും മാത്രമല്ലേ കഴിയുകയുള്ളൂ'

KERALA


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരിഹാസം. ജബല്‍പൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജോണ്‍ ബ്രിട്ടാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖര്‍ തന്നെ മുന്‍കൈ എടുത്ത് സ്‌ക്രിപ്റ്റ് റൈറ്ററെ നല്‍കണമെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് ഗോപി പ്രകടിപ്പിക്കുന്നത് നടന കലയിലെ അദ്ദേഹത്തിന്റെ വൈഭവമായിരിക്കാം. പറയുന്നതിനെ നമ്മള്‍ സീരിയസ് ആയി എടുക്കരുത്. കാരണം അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും സീരിയസ് ആയി എടുക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.


കാലിക രാഷ്ട്രീയത്തെക്കുറിച്ച് ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി സഭ്യമായിട്ട് പ്രതികരിക്കാമെന്നും എം.പി പറഞ്ഞു. മുന്നയെന്നും ജൂദാസ് എന്നുമുള്ള പരാമര്‍ശം സുരേഷ് ഗോപിയെക്കുറിച്ചാണെന്ന് അദ്ദേഹത്തിന് തോന്നിയത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കത കൊണ്ടാകാമെന്നും എംപി കൂട്ടിച്ചേര്‍ത്തു.


ALSO READ: 'ആരോടാണ് ചോദിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം'; ജബല്‍പൂർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭിച്ച് സുരേഷ് ഗോപി


ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ അക്രമണത്തെക്കിറുച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷോഭിച്ചുകൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചത്. നിങ്ങള്‍ ആരാണ്? ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസിന്റെ രാജ്യസഭയിലെ പരാമര്‍ശത്തില്‍ അതില്‍ ഒരു അക്ഷരം മാറ്റണമെന്നായിരുന്നു മറുപടി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു പോയി വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.



ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാക്കുകള്‍


കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. യഥാര്‍ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുക്കള്‍ ഇടതുപക്ഷമാണ്. ഡല്‍ഹിയില്‍ ഇന്ത്യ ചേരിയിലെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് പറയുകയും അതിന് വേണ്ടി ഇടതുപക്ഷത്തുള്ള ആള്‍ക്കാര്‍ പ്രയത്‌നിക്കുകയും ചെയ്യുമ്പോള്‍ അവിടെ വന്നിട്ട് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിനെതിരെ കാര്യങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരല്ലേ.



അവര്‍ക്ക് യഥാര്‍ഥത്തില്‍ ബിജെപിയെ ചെറുക്കുക, ബിജെപിയെ തോല്‍പ്പിക്കുക എന്നതൊന്നുമല്ല പ്രധാനം. വഖഫുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലൊക്കെ ആരൊക്കെയാണ് പങ്കെടുത്തത് ആരൊക്കെ പങ്കെടുക്കാത്തത് ആരൊക്കെ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും ഇവര്‍ക്ക് ബിജെപി പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തോടുള്ള നിലപാട് എന്താണെന്നുള്ള കാര്യം വ്യക്തമാകും.


സുരേഷ് ഗോപി എന്റെ ശത്രുവൊന്നുമല്ല. പാര്‍ലമെന്റില്‍ ഇതെല്ലാം സംസാരിച്ച് കഴിഞ്ഞിട്ടും പുറത്തിറങ്ങിയിട്ട് വളരെ ഊഷ്മളതയോട് കൂടി അദ്ദേഹം സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു. നടന കലയിലുള്ള വൈഭവം അദ്ദേഹം പ്രകടിപ്പിക്കുന്നതായിരിക്കാം. അദ്ദേഹത്തിന് ഭയങ്കരമായ ഒരു വീര്യമുണ്ട്, ഉശിരുണ്ടെന്നൊക്കെ തോന്നിപ്പിക്കുന്നതായിരിക്കാം. പക്ഷെ എനിക്ക് എന്റെ മിത്രമായിട്ടുള്ള സുരേഷ് ഗോപിയോട് പറയാനുള്ളത്, രാഷ്ട്രീയത്തിലും ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യം മൂപ്പര്‍ക്കുണ്ട് എന്നാണ്.


ALSO READ: ഗോകുലം ഓഫീസുകളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍


സുരേഷ് ഗോപി പറയുന്നതിനെ നമ്മള്‍ സീരിയസ് ആയി എടുക്കരുത്. കാരണം അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും സീരിയസ് ആയി എടുക്കുന്നില്ല. അവരുടെ പാര്‍ട്ടി പോലും സീരിയസ് ആയി എടുക്കുന്നില്ല. സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന കാര്യം അദ്ദേഹത്തിന് അറിയില്ല. അതില്‍ ബിജെപിക്കും സംശയമുണ്ട്. അങ്ങനെ ഒരു വ്യക്തി പറയുന്ന കാര്യത്തിന്റെ ഓരോ സൂക്ഷ്മതലങ്ങളും നമ്മള്‍ വിലയിരുത്തി അതിനെ നമ്മള്‍ തൂക്കി നോക്കുന്നതില്‍ അര്‍ഥമില്ല. പക്ഷെ എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. കാലിക രാഷ്ട്രീയത്തെക്കുറിച്ച് ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി സഭ്യമായിട്ട് പ്രതികരിക്കാം. 


അദ്ദേഹത്തെ ഞാന്‍ കുറ്റം പറയില്ല. കാരണം, ദീര്‍ഘകാലം ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ സഹായത്തോട് കൂടിയാണ് വിരാജിച്ചത്. സിനിമാ നടന്‍ എന്ന പരിവേഷമാണ് ജയിക്കാന്‍ തന്നെ കാരണമായത്. രാജീവ് ചന്ദ്രശേഖറിന് മാധ്യമങ്ങളിലെ കാര്യങ്ങളെ കുറിച്ചൊക്കെ അറിയാം. അപ്പോള്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് സുരേഷ് ഗോപിക്ക് ഒരു സ്‌ക്രിപ്റ്റ് റൈറ്ററെ നല്‍കാന്‍ ശ്രമിക്കണം. ഒരു ജനപ്രതിനിധിയല്ലേ, നിങ്ങള്‍ മാധ്യമങ്ങള്‍ക്കും അദ്ദേഹത്തെ ഗൈഡ് ചെയ്യാവുന്നതാണ്.



കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവും ആംആദ്മി പാര്‍ട്ടി നേതാവും പറഞ്ഞ കാര്യമുണ്ട്. ജോണ്‍ ബ്രിട്ടാസ് മുന്ന എന്നും ജൂദാസ് എന്നും രണ്ട് പേരുകളാണ് പറഞ്ഞത്. അത് ഞാനാണെന്ന് പറഞ്ഞ് സുരേഷ് ഗോപി എന്തിനാണ് എഴുന്നേറ്റത് എന്നതാണ്. ഞാന്‍ അത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിട്ടില്ല. അത് രാഷ്ട്രീയ സംഭാഷണത്തിലെ ചില ഇമേജസ് ഉപയോഗിക്കും 30 വെള്ളിക്കാശിന് ഒറ്റുകൊടുത്തത് പോലെ എന്ന് പറയുന്ന പോലെ പറഞ്ഞതാണ്. പക്ഷെ മൂപ്പര്‍ക്ക് അങ്ങ് തോന്നി, മൂപ്പരാണ് മുന്ന, മൂപ്പരാണ് ജൂദാസ് എന്നൊക്കെ. സത്യത്തില്‍ ജോര്‍ജ് കുര്യന്‍ ഇത് മനസിലാക്കി സീറ്റില്‍ പതുങ്ങി ഇരുന്നു.


സുരേഷ് ഗോപി ഒരു നിഷ്‌കളങ്കന്‍ ആയതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിക്കാണും. 51 വെട്ടിന്റേതടക്കമുള്ള സിനിമയുടെ കാര്യങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് ഞാനും പറയില്ല, ഇടതുപക്ഷവും പറയില്ല. സര്‍ഗാത്മകമായി പറഞ്ഞാല്‍ രാഷ്ട്രീയ പ്രൊപഗാണ്ടയുടെ ഭാഗമായി സെപ്റ്റിക് ടാങ്കിലിടേണ്ട ചില സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. അതില്‍ കേരള സ്റ്റോറി ഉള്‍പ്പെടെയുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കം ഇതില്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു എന്ന കാര്യവും മറക്കേണ്ട. ഇതൊക്കെ ആവോളം ആളുകള്‍ കണ്ടോട്ടെ എന്ന് വിചാരിച്ച് ഇവിടെ കളിച്ചെങ്കിലും ഒരു പൂച്ചക്കുഞ്ഞ് പോലും കണ്ടിട്ടില്ല. 51 വെട്ട് ബിജെപിക്ക് സ്വാധീനമുള്ള ഒരു ചാനലില്‍ കാണിക്കട്ടെ, അതിനെന്തിനാണ് അദ്ദേഹം കൈരളി കാണിക്കുമോ എന്ന് ചോദിക്കുന്നത്?


കൈരളി ചെയര്‍മാനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയെങ്കിലും ഈ സ്‌ക്രിപ്റ്റിന്റെ അഭാവം കൊണ്ട് അത് അപകടമാണെന്ന് അദ്ദേഹത്തിന് മനസിലായി. അതുകൊണ്ട് പെട്ടെന്ന് അതില്‍ നിന്ന് പിന്‍തിരിഞ്ഞു. ഉടനെ നോബിള്‍ മാന്‍ എന്ന് പറഞ്ഞു. ട്രാക്ക് മാറ്റി. ഒരുപക്ഷെ ഇന്ന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ രണ്ട് ദിവസം കഴിയുമ്പോള്‍ അദ്ദേഹം മാറ്റിയേക്കാം. കേന്ദ്ര സഹമന്ത്രിയാണെന്ന് കാര്യമാണ്. പക്ഷെ അദ്ദേഹത്തെ ഗൗരവത്തിലെടുക്കരുത്.


ഉത്തരേന്ത്യയില്‍ പള്ളികള്‍ ആക്രമിക്കുമ്പോള്‍ ഇവിടെ അരമന കയറി കേക്ക് വിതരണം ചെയ്യണമെങ്കില്‍ അത് മുന്നമാര്‍ക്കും ജൂദാസുമാര്‍ക്കും മാത്രമല്ലേ കഴിയുകയുള്ളു. അങ്ങനെയുള്ള മുന്നമാരെയും ജൂദാസുമാരെയും ദേശീയ രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുകയാണ്.



KERALA
"മുസ്ലീം സമുദായത്തിലെ വ്യക്തികളും നേതാക്കളുമാണ് മലപ്പുറത്തെ കോളേജുകളെല്ലാം പങ്കിട്ടെടുക്കുന്നത്"; വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി