ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഇല്ലാതാകും
പാർലമെൻ്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് രംഗത്ത്. ഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. "ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കും", ജയറാം രമേശ് പറഞ്ഞു.
രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബില്ല് "മുസ്ലീം വിരുദ്ധമാണെന്നും,ഭരണഘടനാ വിരുദ്ധമാണെന്നും അവർ വാദിച്ചിരുന്നു. എന്നാൽ "ചരിത്രപരമായ പരിഷ്കാര"മാണ് ഇതെന്നും, ന്യൂനപക്ഷ സമൂഹത്തിന് അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു.
12 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. 288 പേർ ബില്ലിനെ പിന്തുണച്ച് കൊണ്ടും, 232 പേർ ബില്ലിനെ എതിർത്തു കൊണ്ടും വോട്ട് ചെയ്തിരുന്നു. ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഇല്ലാതാകും.
ചർച്ചയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് ഇരുസഭയിലും ഉയർന്നത്. ഭരണ പ്രതിപക്ഷ വാക്പോരിനും സഭ സാക്ഷിയായി.ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ ഇടത് എം.പിമാരും സുരേഷ് ഗോപിയും ചർച്ചക്കിടെ ഏറ്റുമുട്ടി. മുനമ്പത്തിൽ തുടങ്ങി എമ്പുരാനിൽ വരെ നീളുന്നതായിരുന്നു ആരോപണ പ്രത്യാരോപണങ്ങൾ. ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി സഭ പ്രക്ഷുബ്ദമാക്കി.
ALSO READ: രാജ്യസഭയിലും പാസായി വഖഫ് ഭേദഗതി ബിൽ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും
ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വഖഫ് ബില്ലിലൂടെ സംഘർഷത്തിൻ്റെ വിത്ത് പാകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. വഖഫ് ബില്ലിനെതിരായ കേരളത്തിൻ്റെ പ്രമേയം മുനമ്പത്തെ ജനങ്ങൾക്കെതിരെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുനമ്പത്ത് നിന്നും എല്ലാവരെയും ഒഴിപ്പിക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിച്ചതെന്ന് ജോർജ് കുര്യൻ ആരോപിച്ചു. ജോർജ് കുര്യൻ കേരള നിയമസഭയ്ക്കെതിരെ വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് സിപിഐ എംപി സന്തോഷ് കുമാർ പോയിൻ്റ് ഓഫ് ഓർഡർ ഉന്നയിച്ചു.
പ്രതിപക്ഷം മുസ്ലീങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുഖ്യധാരയിൽ നിന്ന് അവരെ അകറ്റി നിർത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി പ്രസംഗത്തിൽ ആരോപിച്ചു. വഖഫ് ബോർഡ് മതേതരമായിരിക്കണം, എല്ലാ മതസ്ഥർക്കും പ്രാതിനിധ്യം ഉണ്ടായിരിക്കണം. സെൻട്രൽ വഖഫ് കൗൺസിലിൽ നാലു പേരിൽ കൂടുതൽ അമുസ്ലീങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.