മഹരാഷ്ട്രയുടേയും ബംഗാളിന്റേയും പഞ്ചാബിന്റേയും പിന്തുണ അശോക് ധവ്‌ലെയ്ക്കാണ്
എം.എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി ആയേക്കും. ഇന്നലെ നടന്ന പിബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആരാകും എന്നതു സംബന്ധിച്ച് അന്തിമ ധാരണയായിരുന്നില്ല. കേരള ഘടകത്തിന്റേയും പ്രകാശ് കാരാട്ടിന്റേയും പിന്തുണ എം.എ ബേബിക്കാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധവ്‌ലെയുടെ പേരാണ് എം.എ ബേബിക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. മഹരാഷ്ട്രയുടേയും ബംഗാളിന്റേയും പഞ്ചാബിന്റേയും പിന്തുണ അശോക് ധവ്‌ലെയ്ക്കാണ്. ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കും.
മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് ഇന്ന്. സമാപനത്തിന്റെ ഭാഗമായി റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ട് നടക്കും. സമാപന ദിവസമായ ഇന്ന് ജനറല്‍ സെക്രട്ടറിക്കു പുറമേ, പുതിയ കേന്ദ്ര കമ്മിറ്റിയേയും പോളിറ്റ് ബ്യൂറോയേയും തീരുമാനിക്കും. നിലവിലെ കേന്ദ്ര കമ്മിറ്റി രാവിലെ യോഗം ചേര്‍ന്നാണ് പുതിയ പാനല്‍ അവതരിപ്പിക്കുക. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെ പൂര്‍ത്തിയായ ചര്‍ച്ചയിലുള്ള മറുപടിയും ഇന്നുണ്ടാകും.
പിബിയില്‍ കേരളത്തില്‍ നിന്നും വിജു കൃഷ്ണന്‍ ഇടം നേടും. നിലവില്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ അംഗമാണ് വിജു കൃഷ്ണന്‍. യു. വാസുകി, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയില്‍ എത്തും. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖവും പിബിയില്‍ എത്താന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.
അതേസമയം. പ്രകാശ് കാരാട്ട് അടക്കം ആറു പേര്‍ പിബിയില്‍ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും.