യെച്ചൂരിക്ക് പകരക്കാരനെ തേടുന്ന പാർട്ടിക്ക് അതാണ് ഏറ്റവും വലിയ വെല്ലുവിളിയും
സിപിഐഎം പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങുമ്പോൾ പാർട്ടിയും പ്രവർത്തകരും ഒരുപോലെ ഓർക്കുന്നയാൾ സീതാറാം യെച്ചൂരിയാണ്. മധുര പാർട്ടി കോൺഗ്രസ് വേദിയിൽ എല്ലായിടത്തും യെച്ചൂരിയുണ്ട്. യെച്ചൂരിക്ക് പകരക്കാരനെ തേടുന്ന പാർട്ടിക്ക് അതാണ് ഏറ്റവും വലിയ വെല്ലുവിളിയും.
അലസ സൗന്ദര്യത്തിൻ്റെ അനായസത കൊണ്ട് ഹൃദയം കീഴക്കിയ തോഴർ. സൗമ്യതയിലും പ്രത്യയ ശാസ്ത്ര തെളിച്ചം കൊണ്ടും വിസ്മയിപ്പിച്ച കോമ്രേഡ് യെച്ചൂരി. പാർട്ടിയുടെ രാഷ്ട്രീയം ഏത് ഭാഷയിലും പറഞ്ഞ് മനുഷ്യരുടെ മനസിൽ കുരുക്കാൻ കെൽപ്പുണ്ടായിരുന്നയാൾ. പാർട്ടി കോൺഗ്രസിൽ ചിത്രങ്ങളായും എഴുത്തായും വാക്കായും പാട്ടായും നിറഞ്ഞ് നിൽക്കുകയാണ്.
ALSO READ: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി; കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി
യെച്ചൂരിയുടെ അകാല വിയോഗം പാർട്ടിക്ക് എത്ര വലിയ നഷ്ടമാണെന്ന് ഓരോരുത്തരുടെയും വാക്കുകളിലുണ്ട്. ഇന്ത്യയെന്ന ആശയത്തെ ചൂണ്ടിക്കാട്ടി യെച്ചൂരി മതേതര പാർട്ടികൾക്ക് വഴികാട്ടിയായിരുന്നു പലപ്പോഴും. അത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ അഭാവം പലരുടെയും ഹൃദയം മുറിക്കുന്നത്.
യെച്ചൂരി ഇല്ലെന്നത് ഉൾക്കൊള്ളാൻ ആയിട്ടില്ല പാർട്ടിക്ക് ഇപ്പോഴും. എന്തായിരുന്നു സിപിഐഎമ്മിന് യെച്ചൂരി എന്നത് മധുര പാർട്ടി കോൺഗ്രസ് കാണിച്ചു തരികയാണ്. ഇവിടെ വരുന്ന ഓരോരുത്തരുടേയും മനസിൽ നനുത്ത പുഞ്ചിരിയും പറഞ്ഞു വെച്ച രാഷ്ട്രീയവും ഓർമയിൽ വന്ന് മുട്ടുന്നുണ്ടാകും.